print edition ജംഷഡ്‌പുർ ‘വിറ്റു’ ചർച്ചിലിന്; കൈമാറ്റം 100 രൂപയ്‌ക്ക്!

ജംഷഡ്‌പുർ: ഐഎസ്‌എൽ ഫുട്‌ബോൾ ക്ലബ് ജംഷഡ്‌പുർ എഫ്‌സിയെ സ്വന്തമാക്കി ചർച്ചിൽ ബ്രദേഴ്‌സ്. നൂറ് ശതമാനം ഓഹരിയും ഗോവൻ ക്ലബിന് ജംഷഡ്‌പുരിന്റെ ഉടമകളായ ടാറ്റാ ഗ്രൂപ്പ് വിറ്റു. പുതിയ സീസൺ ഐഎസ്‌എല്ലിനില്ലെന്നും സീനിയർ ടീമിന്റെ പ്രവർത്തനം ഡ്യുറൻഡ് കപ്പോടെ അവസാനിപ്പിക്കുകയാണെന്നും ജംഷഡ്‌പുർ പ്രഖ്യാപിച്ചിരുന്നു. ശക്തമായ പ്രതിഷേധമുണ്ടായി. ടാറ്റാ ഗ്രൂപ്പിന് വലിയ സമ്മർദം നേരിട്ടു. മുൻ ഇന്ത്യൻ ക്യാപ്‌റ്റൻമാരായ ബൈചുങ് ബൂട്ടിയ, സുനിൽ ഛേത്രി തുടങ്ങിയവർ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് രണ്ടുവട്ടം ഐ ലീഗ് ചാമ്പ്യൻമാരായ ചർച്ചിലിന് ടീമിനെ കൈമാറിയത്. ഐഎസ്‌എൽ ലൈസൻസ്, 12 കളിക്കാർ, രണ്ട് പരിശീലകർ ഉൾപ്പെടുന്നതാണ് കൈമാറ്റം. ഇതോടെ സെപ്‌തംബർ നാലിന് തുടങ്ങുന്ന ഐഎസ്‌എൽ പുതിയ സീസണിൽ ചർച്ചിൽ ജംഷഡ്‌പുരിന്റെ പകരക്കാരായി കളിക്കും.
അക്കാദമി പ്രവർത്തനങ്ങൾ തുടരുമെന്നും ഇത് ഫുട്‌ബോളിന്റെ നല്ലതിനാണെന്നും ടാറ്റ കോർപറേറ്റ് വൈസ് പ്രസിഡന്റ് ഡോ. ബി സുന്ദര രാമൻ അറിയിച്ചു. 1987ലാണ് ടാറ്റ ഫുട്‌ബോൾ അക്കാദമി തുടങ്ങിയത്. വിവിധ പ്രായവിഭാഗങ്ങളിലായി 150 കളിക്കാർ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2017 മുതൽ ഐഎസ്‌എല്ലിലുണ്ട്. ജംഷഡ്‌പുരാണ് ആസ്ഥാനം. 2021–22 സീസണിലെ ഷീൽഡ് ജേതാക്കളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഐഎസ്‌എല്ലിലെ അനിശ്ചിതത്വവുമാണ് പിൻമാറാൻ പ്രേരിപ്പിച്ചത്.
ഇന്ത്യൻ ഫുട്‌ബോളിലെ പേരുകേട്ട ക്ലബുകളിലൊന്നാണ് ചർച്ചിൽ. 1988ലാണ് രൂപീകരണം. ഐ ലീഗ്, ഡ്യുറൻഡ് കപ്പ്, ഫെഡറേഷൻ കപ്പ് തുടങ്ങി രാജ്യത്തെ പ്രധാന ടൂർണമെന്റുകളിലെല്ലാം ചാമ്പ്യൻമാരായിട്ടുണ്ട്. 2025ൽ ഐ ലീഗിൽ ഒന്നാമതെത്തി ഐഎസ്‌എല്ലിന് യോഗ്യത നേടിയിരുന്നു.
എന്നാൽ കായിക തർക്ക പരിഹാര കോടതി ഇത് റദ്ദാക്കി ഇന്റർ കാശിയെ വിജയികളായി പ്രഖ്യാപിച്ചു. ഇന്റർ ഐഎസ്‌എല്ലും കളിച്ചു. ഇതോടെ കഴിഞ്ഞ സീസൺ ഇന്ത്യൻ ഫുട്‌ബോൾ ലീഗിൽനിന്ന് ചർച്ചിൽ പിൻമാറി.
ഉടമസ്ഥാവകാശം നൽകിയത് 100 രൂപയ്‌ക്ക്!
നൂറ് രൂപയ്‌ക്കാണ് ജംഷഡ്‌പുർ എഫ്സി ചർച്ചിൽ ബ്രദേഴ്‌സിന് ഉടമസ്ഥാവകാശം നൽകിയതെന്ന് സൂചനകൾ. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ജംഷഡ്‌പുർ ഫുട്‌ബോൾ ആൻഡ് സ്‌പോർട്ടിങ് പ്രൈവറ്റ് ലിമിറ്റഡാണ് (ജെഎഫ്‌എസ്‌പിഎൽ) ജംഷഡ്‌പുരിന്റെ ഉടമകൾ. 4.08 കോടി രൂപയുടെ ഓഹരികളാണ് ക്ലബിനുള്ളത്. ഇത് മാത്രം നൽകിയാൽ മതിയെന്നാണ് ധാരണ.
കച്ചവടത്തിന്റെ ഭാഗമായുള്ള പ്രാഥമിക കരാറിൽ 100 രൂപയാണ് ചർച്ചിൽ നൽകിയത്. ബാക്കിതുക പിന്നീട് നൽകും. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അനുമതി ലഭിച്ചാൽ സെപ്‌തംബർ 1 മുതൽ ജംഷഡ്‌പുർ എഫ്സി ‘ചർച്ചിൽ ബ്രദേഴ്‌സായി’ രൂപംമാറും. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം വിൽക്കാൻ ശ്രമിക്കുന്നത് 120 കോടി രൂപയോളം ആവശ്യപ്പെട്ടാണ്.










0 comments