അസൂറിപ്പട അസ്തമിച്ചോ? ഇത്തവണയും ലോകകപ്പിനില്ല

ഷൂട്ടൗട്ടിൽ പരാജയപ്പെട്ട നിരാശയിൽ ഇറ്റാലിയൻ താരങ്ങൾ
സെനിക്ക (ബോസ്‌നിയ): തുടർച്ചയായ മൂന്നാം ഫുട്ബോൾ ലോകകപ്പിലേക്കും യോഗ്യത നേടാതെ ഇറ്റലി പുറത്ത്. നിർണായകമായ പ്ലേ-ഓഫ് ഫൈനലിൽ ബോസ്‌നിയ ആൻഡ് ഹെർസെഗൊവിന പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് അസൂറിപ്പടയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്.
ചൊവ്വാഴ്ച സിനികയിൽ നടന്ന പോരാട്ടത്തിൽ മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകൾ മാത്രമാണ് നേടിയത്. ആദ്യ പകുതിയിൽ മോയിസ് കീനിലൂടെ ലീഡ് നേടിയെങ്കിലും ബസ്റ്റോണി ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ഇറ്റലിയെ പ്രതിരോധത്തിലാക്കി. പത്തു പേരായി ഒതുങ്ങിയ ഇറ്റലിക്കെതിരെ 79ആം മിനിറ്റിൽ തബ്കോവിചിലൂടെ ബോസ്നിയ ഒപ്പമെത്തി.
പെനാൽറ്റി ഷൂട്ടിൽ ടോണാലി ഒഴികെയുള്ള ഇറ്റാലിയൻ താരങ്ങൾക്കു പിഴച്ചതോടെ നാല് തവണ ലോകചാമ്പ്യൻമാരായ ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നം വീണ്ടും ബാക്കിയായി.
2006ൽ ജേതാക്കളായ ഇറ്റലിക്ക് തുടർന്നുള്ള ലോകകപ്പുകളിൽ നിരാശയായിരുന്നു ഫലം. 2010ലും 2014ലും ആദ്യ റൗണ്ടിൽ മടങ്ങി. 2018 പ്ലേ ഓഫിൽ സ്വീഡനോട് തോറ്റപ്പോൾ ലോകകപ്പ് യോഗ്യത നഷ്ടമായി. 2022ലെ പ്ലേ ഓഫ് തോൽവി നോർത്ത് മാസിഡോണിയയോടായിരുന്നു. ഇക്കുറി നോർവേയോട് രണ്ട് കളിയും തോറ്റ് യോഗ്യതാ റൗണ്ടിൽ രണ്ടാമതായി. പിന്നാലെ പ്ലേ ഓഫിലേക്ക് വീഴുകയായിരുന്നു.
2014ലാണ് ബോസ്‌നിയ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. യോഗ്യതാ റൗണ്ടിൽ കരുത്തുറ്റ പ്രകടനമായിരുന്നു. പ്രായം നാൽപ്പത് കഴിഞ്ഞിട്ടും എഡിൻ സെക്കോയുടെ ബൂട്ടുകളാണ് ബോസ്‌നിയയെ നയിക്കുന്നത്. മികച്ച പ്രതിരോധ നിരയുമുണ്ട്.
ബോസ്നിയയെ കൂടാതെ തുർക്കി , ചെക്ക് റിപ്പബ്ലിക്ക്, സ്വീഡൻ എന്നീ ടീമുകളും പ്ലേ ഓഫ് ജയിച്ചു ലോകകപ്പ് യോഗ്യത നേടി.









0 comments