ad
Deshabhimani

print edition ഐഎസ്എൽ ഫുട്ബോൾ; തുടർച്ചയ്‌ക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌

kerala blasters

photo credit: kerala blasters facebook

വെബ് ഡെസ്ക്

Published on Apr 23, 2026, 01:56 AM | 1 min read

കൊച്ചി : സ്വന്തം കളിത്തട്ടിൽ ജയം തുടരാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ഐഎസ്‌എൽ ഫുട്‌ബോളിൽ ഇന്ന്‌ മലയാളി സാന്നിധ്യം നിറഞ്ഞ ഒഡിഷ എഫ്‌സിയെ നേരിടും. വർഷങ്ങളോളം ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകനായിരുന്ന തൃശൂരുകാരൻ ടി ജി പുരുഷോത്തമനാണ്‌ ഒഡിഷയുടെ മുഖ്യപരിശീലകൻ. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്‌ മത്സരം. പുതിയ കോച്ച്‌ ആഷ്‌ലി വെസ്റ്റ്‌വുഡിന്‌ കീഴിൽ ഉയർത്തെഴുന്നേറ്റ ബ്ലാസ്‌റ്റേഴ്‌സാണ്‌. ഇംഗ്ലീഷ്‌ കോച്ചിന്‌ കീഴിൽ നാല്‌ മത്സരത്തിൽ രണ്ട്‌ ജയവും ഓരോ സമനിലയും തോൽവിയുമാണ്‌.


തരംതാഴ്‌ത്തൽ ഭീഷണിയിൽനിന്ന്‌ രക്ഷപ്പെടുന്ന ബ്ലാസ്‌റ്റേഴ്‌സിനെയാണ്‌ സമീപ മത്സരങ്ങളിൽ കാണുന്നത്‌. അവസാന കളിയിൽ ജംഷഡ്‌പുർ എഫ്‌സിയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ചെറുതല്ല. പത്ത്‌ കളിയിൽ എട്ട്‌ പോയിന്റുമായി 11–ാം സ്ഥാനത്തെത്തുകയും ചെയ്‌തു. പുതുതായി ടീമിലെത്തിച്ച ഫ്രാഞ്ചു, കരീം ബെനാരിഫ്‌ എന്നിവരുടെ പ്രകടനമാണ്‌ ഉ‍ൗർജമായത്‌. പ്രതിരോധവും ചോർച്ച പരിഹരിച്ച്‌ ശക്തി വീണ്ടെടുത്തു. ഒരുമയോടെ കളിക്കാൻ തുടങ്ങിയതും ഗുണകരമായി.


ഒഡിഷയാകട്ടെ 13–ാം സ്ഥാനത്താണ്‌. ഏഴ്‌ കളിയിൽ ആറ്‌ പോയിന്റാണ്‌. പുരുഷോത്തമനെ കൂടാതെ സഹപരിശീലകനായി ജോപോൾ അഞ്ചേരിയുണ്ട്‌. മാനേജറും വീഡിയോ അനലിസ്റ്റും ഉൾപ്പെടെ പരിശീലകസംഘത്തിലും മറ്റ്‌ മലയാളികളുണ്ട്‌. വി പി സുഹൈർ, കെ പി രാഹുൽ, തേജസ്‌ കൃഷ്‌ണ എന്നീ താരങ്ങളും ടീമിലുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home