ad
Deshabhimani

print edition സ്ഥാനാർഥി പ്രഖ്യാപനംമുതൽ ചേരിപ്പോര്‌

Ramya Haridas.jpg
avatar
പി പ്രദീപ്‌

Published on Sep 06, 2026, 03:40 AM | 2 min read

ചിറയിൻകീഴ്: രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴിൽ സ്ഥാനാർഥിയായതുമുതൽ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യക്തമായ ചേരിപ്പോര്‌ രൂപപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുകൂടിയായിരുന്ന ബി എസ് അനൂപ് പാർടി വിട്ട്‌ ബിജെപി സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിച്ചത്. അന്ന് വിമതപക്ഷം ഇവർക്ക് സ്ഥാനാർഥിത്വം നൽകിയതിൽ നേതൃത്വത്തിനെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. മണ്ഡലം പ്രസിഡന്റുമാരിൽ ഭൂരിഭാഗംപേരും രമ്യയെ സ്ഥാനാർഥിയാക്കരുതെന്ന്‌ ആവശ്യപ്പെട്ടെങ്കിലും കെപിസിസി നേതൃത്വം പാർടി പ്രവർത്തകരുടെ വികാരം പരിഗണിച്ചില്ല.


അടുത്തിടെ നടന്ന കിഴുവിലം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ രണ്ടു ചേരിയായാണ് മത്സരിച്ചത്. അന്ന് ഇരുവിഭാഗവും പലപ്രാവശ്യം ഏറ്റുമുട്ടി. ഔദ്യോഗിക പാനലിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ എംഎൽഎ തയ്യാറായില്ലെന്ന ആക്ഷേപം ഒരു വിഭാഗം ഉയർത്തിയിരുന്നു. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ ഈ വിഷയവും കാരണമായതായി രമ്യ ഹരിദാസിനൊപ്പമുള്ളവർ പറയുന്നു.


ഏറെ കാലമായി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തരപ്രശ്നങ്ങളാണ് കഴിഞ്ഞദിവസം കൈയാങ്കളിയിലെത്തിയത്. എംഎൽഎയുടെ അനുയായി പാർടിയെയും പ്രവർത്തകരെയും നിയന്ത്രിക്കാൻ ശ്രമിക്കുകയും അനാവശ്യ കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നതായും ഇവർ ആരോപിക്കുന്നു. എംഎൽഎ പ്രവർത്തകരെ അവഗണിക്കുന്നതായും ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.


കഴിഞ്ഞദിവസം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ജനപ്രതിനിധികളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്ത് കരാറുകാർക്ക് നിർദേശം നൽകിയത് ചില കോൺഗ്രസ് ജനപ്രതിനിധികൾ ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് സമൂഹമാധ്യമംവഴി ഇയാൾക്കെതിരെ കുറിപ്പിട്ടു. ഇത് ചോദ്യംചെയ്യാൻ എംഎൽഎയും പാളയം പ്രദീപും സംഘവും സജാദിന്റെ വീട്ടിലെത്തി. തുടർന്നായിരുന്നു വാക്കേറ്റവും ആക്രമണവും.


ആദ്യം അടി, പിന്നാലെ ഇരനാടകം 
‘എന്നെ വിടെടാ...’


ചിറയിൻകീഴ്‌: ചിറയിൻകീഴിലെ വീട്ടിൽക്കയറി രമ്യ ഹരിദാസ്‌ എംഎൽഎ ആക്രമിക്കുന്ന വീഡിയോകൾ രണ്ടെണ്ണം പുറത്തുവന്നു. ആദ്യത്തേത്‌ കയർത്ത്‌ സംസാരിച്ചും തള്ളിമാറ്റിയും ആക്രോശിച്ചും ഒടുവിൽ വീഡിയോ പിടിച്ചയാളെ രമ്യതന്നെ അടിക്കുന്നതിൽ അവസാനിച്ച സ്വാഭാവിക വീഡിയോ. രണ്ടാമത്തേത്‌ സൃഷ്‌ടിച്ചെടുത്തത്‌ എന്ന്‌ വ്യക്തം.


കോൺഗ്രസ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ എസ്‌ സജാദിന്റെ വീട്ടിലുള്ള രമ്യയുടെ പരാക്രമത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടെന്ന്‌ വ്യക്തമായതോടെയാണ്‌ രമ്യ രണ്ടാമത്തെ വീഡിയോ ആസൂത്രണംചെയ്‌തത്‌ എന്ന്‌ കോൺഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ അംഗവുമായ സജിത്ത്‌ മുട്ടപ്പലം പറയുന്നു.


ഒപ്പമുള്ളയാളോട്‌ വീഡിയോ എടുക്കാൻ ഏൽപ്പിച്ചശേഷം രണ്ടാമത്‌ വീണ്ടും വീട്ടിനുള്ളിൽ കയറി സജിത്തിന്റെ കൈയിൽ കയറിപ്പിടിച്ച്‌ ‘എന്റെ കൈവിടടാ’ എന്ന്‌ ആവർത്തിക്കുകയായിരുന്നു രമ്യ ഹരിദാസ്‌ ചെയ്‌തത്‌. ‘എന്റെ കൈയാണ്‌ പിടിച്ചുവച്ചിരിക്കുന്നത്‌’ എന്ന്‌ സജിത്ത്‌ പറയുന്നതും വീഡിയോയിൽ കേൾക്കാം. പിന്നീട്‌ രമ്യ ആശുപത്രിയിൽ പോവുകയായിരുന്നു.


ശനിയാഴ്‌ചത്തെ വാർത്താസമ്മേളനത്തിൽ കണ്ണുനിറഞ്ഞുള്ള രമ്യ ഹരിദാസിന്റെ വർത്തമാനം അഭിനയമായിരുന്നു എന്ന്‌ കോൺഗ്രസ്‌ പ്രവർത്തകർതന്നെ പറയുന്നു. പാട്ടുപാടാൻ മാത്രമല്ല, അഭിനയിക്കാനും അറിയുന്നയാളാണ്‌ ചിറയിൻകീഴ്‌ എംഎൽഎ എന്ന നിലയിൽ സമൂഹമാധ്യമങ്ങൾ ഇത്‌ ട്രോളാക്കുകയും ചെയ്‌തിട്ടുണ്ട്‌.


കരാറുകാരിൽനിന്നടക്കം പണപ്പിരിവ്‌; പാളയം പ്രദീപിനെതിരെ വ്യാപക പരാതി


ചിറയിൻകീഴ്‌: ചിറയിൻകീഴ്‌ എംഎൽഎ രമ്യ ഹരിദാസിന്റെ അനുയായിയും കോൺഗ്രസ്‌ നേതാവുമായ പാളയം പ്രദീപിനെതിരെ വ്യാപക പരാതി. പ്രദേശത്തെ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ഇയാൾക്കെതിരെ നിരവധി തവണ കെപിസിസിക്കും ഡിസിസിക്കുമടക്കം പരാതി നൽകിയിരുന്നു. എന്നാൽ നേതാക്കൾ അത്‌ മുഖവിലയ്‌ക്കെടുത്തില്ലെന്ന്‌ പ്രവർത്തകർ പറയുന്നു.


രമ്യ ഹരിദാസ്‌ എംഎൽഎ ആയതുമുതൽ പാളയം പ്രദീപ്‌ ഒപ്പമുണ്ട്‌. പ്രദീപ്‌ പറയുന്നതനുസരിച്ചാണ്‌ രമ്യ ഹരിദാസ്‌ പ്രവർത്തിക്കുന്നതെന്നും ഇവർ പറയുന്നു. കരാറുകാരിൽനിന്നടക്കം വ്യാപകമായി പ്രദീപ്‌ പണപ്പിരിവ്‌ നടത്തിയതായും ആക്ഷേപമുണ്ട്‌. ഒ‍ൗദ്യോഗിക യോഗങ്ങളിലും പാർടി യോഗങ്ങളിലും എംഎൽഎയ്‌ക്കൊപ്പം പ്രദീപും പങ്കെടുക്കുന്നു.


കഴിഞ്ഞ ദിവസം ചിറയിൻകീഴ്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ ഇംപ്ലിമെന്റ്‌ ഓഫീസർമാരുടെയും ജനപ്രതിനിധികളുടെയും യോഗം നടന്നപ്പോൾ പ്രദീപ്‌ പങ്കെടുത്ത്‌ അഭിപ്രായം പറഞ്ഞു. പ്രദീപ്‌ പങ്കെടുക്കുന്ന ചിത്രം എംഎൽഎ സാമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഇ‍ൗ ചിത്രം വച്ചാണ്‌ കോൺഗ്രസ്‌ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ എസ്‌ സജാദ്‌ മണ്ഡലം കമ്മിറ്റിയുടെ വാട്‌സാപ്‌ ഗ്രൂപ്പിൽ പോസ്‌റ്റിട്ടത്‌. ‘പാളയം പ്രദീപിന്റെ അനവസരത്തിലുള്ള ഇടപെടലുകളിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നീരസമുണ്ടെന്നും അതിന്‌ എംഎൽഎ വളംവയ്‌ക്കരുത്‌’ എന്നും ചൂണ്ടിക്കാട്ടിയാണ്‌ സജാദ്‌ പോസ്‌റ്റിട്ടത്‌. ഇതാണ്‌ എംഎൽഎയെയും പാളയം പ്രദീപിനെയും ചൊടിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home