print edition ‘വെള്ളമില്ലാതെയും മീൻ ജീവിക്കും’; സാങ്കേതികവിദ്യ വികസിപ്പിച്ചത് ഐസിഎആർ- സിഫ്റ്റ്

കൊച്ചി: മീൻ ഉൾപ്പെടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ച് കൊച്ചിയിലെ ഐസിഎആർ- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി. ഇതിന് ഇന്ത്യൻ പേറ്റന്റും ലഭിച്ചു. പരമ്പരാഗത ജലാധിഷ്ഠിത ഗതാഗതസംവിധാനങ്ങൾക്കും നിലവിലുള്ള ജലരഹിത ഗതാഗതസംവിധാനങ്ങൾക്കും ബദലായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണിത്.
ജലജീവികളെ ജീവനോടെ കൊണ്ടുപോകുന്ന പരമ്പരാഗത രീതികളിലെ വെല്ലുവിളികൾക്ക് പരിഹാരമാണ് പുതിയ സാങ്കേതികവിദ്യ. വലിയ അളവിൽ വെള്ളം ഉപയോഗിച്ചാണ് ഇപ്പോൾ ജീവനുള്ള മീനുകളെയും മറ്റു ജലജീവികളെയും ദൂരെസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഇത് പലവിധ ബുദ്ധിമുട്ടുകളുമുണ്ടാക്കുന്നു. ഓക്സിജൻ ലഭ്യമാക്കുന്നതിനും വെള്ളം ശുദ്ധീകരിക്കുന്നതിനും താപനില നിയന്ത്രിക്കാനും പ്രത്യേക സംവിധാനങ്ങൾ വേണം. യാത്രയിലുടനീളം വൈദ്യുതിലഭ്യതയും ഉറപ്പാക്കണം. പ്ലാസ്റ്റിക് ബാഗുകളും മറ്റു പാക്കേജിങ് വസ്തുക്കളും ഉപയോഗിക്കേണ്ടിവരുന്നതും പരിമിതിയാണ്.
കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും ജലജീവികളെ ജീവനോടെ കൊണ്ടുപോകാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. നിയന്ത്രിതമായ ഉയർന്ന മർദവും താഴ്ന്ന താപനിലയും ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്നത്. പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഇൻസുലേറ്റഡ് കണ്ടെയ്‌നറും മറ്റു ഉപകരണങ്ങളും ഉൾപ്പെട്ടതാണ് സംവിധാനം. ഓക്സിജൻ, ഈർപ്പം, താപനില തുടങ്ങിയവ തുടർച്ചയായി നിരീക്ഷിക്കപ്പെടും.
മുൻകൂട്ടി നിശ്ചയിച്ച പരിധികളിൽ വ്യതിയാനമുണ്ടായാൽ മുന്നറിയിപ്പ് ലഭിക്കും. മീൻകൃഷി, ചെമ്മീൻകൃഷി, അലങ്കാരമത്സ്യ മേഖലകൾ ഉൾപ്പെടെയുള്ളവയിൽ പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. യു പാർവതി, ഡോ. ബി മധുസൂദന റാവു, ഡോ. എസ് മുരളി, ഡോ. പി കെ ബിൻസി, ഡോ. കെ സതീഷ്-കുമാർ, വിഷ്ണു ആർ നായർ, ടി ജിതിൻ ജോയ് എന്നിവരാണ് സാങ്കേതികവിദ്യാ വികസനത്തിൽ പങ്കാളികളായത്.









0 comments