print edition കരുവാറ്റ കൊലപാതകം: കസ്റ്റഡി അപേക്ഷയിൽ വിധി നാളെ

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയിൽ തിങ്കളാഴ്‌ച വിധി പറയും. കുറ്റകൃത്യം ആസൂത്രണം ചെയ്‌തെന്ന് ആരോപിക്കപ്പെട്ട പതിമൂന്നുകാരിയെ ചോദ്യംചെയ്യുന്നതിനുള്ള അപേക്ഷയും ജുവനൈൽ ജസ്റ്റിസ് ബോർഡ് തിങ്കളാഴ്‌ച പരിഗണിക്കും. ശാസ്‌ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ അന്വേഷകസംഘം തയ്യാറാക്കിയ റിപ്പോർട്ട് ബോർഡിന് കൈമാറി. ഇതും പരിഗണിച്ചായിരിക്കും വിധി പറയുക.
മോഷണംപോയ സ്വർണം പൊലീസ് കണ്ടെത്തി, എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കൈയുറകൾ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്തുന്നതിനും കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കും ആൺകുട്ടികളെ കസ്റ്റഡിയിൽ ലഭിക്കണം. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാത്തപക്ഷം കുറ്റപത്രം കോടതിയിൽ തെളിയിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി പ്രകാരം ജില്ലാ പ്രൊബേഷൻ ഓഫീസറുടെ സാന്നിധ്യത്തിലാണ് ആൺകുട്ടികളെ ചോദ്യംചെയ്‌തത്.
രണ്ടു ദിവസങ്ങളിലായി 10.30 മണിക്കൂറെടുത്താണ് ചോദ്യംചെയ്യൽ പൂർത്തിയാക്കിയത്. തുടർന്നാണ് 13കാരിക്കായി പ്രത്യേകം അപേക്ഷ നൽകിയത്. പെൺകുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണകേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷനായി അസി. പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിയും പ്രതിഭാഗത്തിന്നായി ചീഫ് ഡിഫൻസ് കൗൺസിലർ ടി ടി സുധീഷും ഹാജരായി.
കസ്റ്റഡിയിൽ വിട്ടാൽ ‘‘ചരിത്രത്തിലാദ്യം’’
കൊലപാതകം നടത്തിയ മൂന്ന് ആൺകുട്ടികളും പ്രായപൂർത്തിയാകാത്തതിനാൽ സാധാരണരീതിയിൽ കസ്‌റ്റഡിയിൽ ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ച് കസ്‌റ്റഡിയിൽ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. കുട്ടികളുടെ ശാരീരിക –മാനസികശേഷി, കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ മനസിലാക്കാനുള്ള കഴിവ്, വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടാനുള്ള സാധ്യത എന്നിവയും കുട്ടികൾക്ക് മുതിർന്ന ആളുകളുടെ മാനസികാവസ്ഥ ഉണ്ടോ എന്നതും വിലയിരുത്തിയാകും ബോർഡ് തീരുമാനം.
ഡൽഹി നിർഭയ കേസിൽപോലും പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. കരുവാറ്റ കേസിൽ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ അത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ അപൂർവതയായി മാറും. പ്രായപൂർത്തിയാകാത്തവരെ പൊലീസിന് കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്നതിന് ജുവനൈൽ നിയമത്തിൽ വകുപ്പില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ നടപടികൾ സംബന്ധിച്ച് ജുവനൈൽ ഉൾപ്പടെ നിയമങ്ങളിൽ പ്രത്യേകിച്ച് പറഞ്ഞിട്ടില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടം( ഭാരതീയ ന്യായ സംഹിത) ബാധകമാണെന്നാണ് പ്രോസിക്യൂഷൻ വാദം.









0 comments