print edition മോഷണം പോയോ? അതെപ്പോ!

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലയിൽനിന്ന് ടെലിസ്‌കോപ്പ് മോഷണം പോയത് സർവകലാശാല അറിയുന്നത് പൊലീസ് കണ്ടെടുത്തപ്പോൾമാത്രം. നേരത്തെ അറിയാതിരുന്നതിനാൽ വൈകി പരാതി നൽകി രജിസ്ട്രാർ. പെരുവള്ളൂർ സ്വദേശിയുടെ വിൽക്കാനുള്ള കാർ ട്രയൽ ഓട്ടത്തിനായി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രയൽ ഓട്ടത്തിനായി കൊണ്ടുപോയ കാർ ഏറെനേരം കഴിഞ്ഞും കാണാതായതോടെ ഉടമ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. എന്നാൽ ഇതിനിടെ വാഹനം ട്രാക്ക് ചെയ്ത് കണ്ടെത്തി.
തിരിച്ചുകൊണ്ടുവന്ന കാറിൽനിന്ന് എട്ട് ഇഞ്ച് നീളമുള്ള ഒരു ടെലസ്കോപ്പും രണ്ട് ചെറിയ ടെലസ്കോപ്പും ലഭിച്ചു. കലിക്കറ്റ് സർവകലാശാല വാന നിരീക്ഷണ കേന്ദ്രത്തിലേതാണ് ഇവയെന്ന് സംശയംതോന്നിയ പൊലീസ് ഉടനെ അധികൃതരെ അറിയിച്ചു. ഇതോടെയാണ് സർവകലാശാലാ രജിസ്ട്രാർ പരാതി നൽകിയത്. രജിസ്‌റ്റർ പരിശോധിച്ച് ഇവിടത്തേതാണെന്ന് ഉറപ്പുവരുത്തണം. കാർ കൊണ്ടുപോയ യുവാവ് നിലവിൽ മറ്റൊരു മോഷണക്കേസിൽ ജയിലിലാണ്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സർവകലാശാലാ അറബിക് ഡിപ്പാർട്ടുമെന്റിൽനിന്ന് ലാപ്ടോപ്പും മോഷണം പോയിരുന്നു. ഇതും അന്വേഷിക്കുന്നുണ്ട്. ടെലസ്‌കോപ്പിനോടൊപ്പം മറ്റ് ചില ഉപകരണങ്ങൾകൂടിയുണ്ടായിരുന്നുവെന്ന സംശയവുമുയർന്നിട്ടുണ്ട്. ഇവ വിറ്റതായും പൊലീസ് സംശയിക്കുന്നു.








0 comments