കണ്ണീർപ്പന്ത്; ഐഎസ്‌എല്ലിന് സ്‌പോൺസറില്ല, ക്ലബ്ബുകൾ അടച്ചുപൂട്ടുന്നു

ന്യൂഡൽഹി: മോഹൻ ബഗാൻ സൂപ്പർ ജയന്റിന് പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സും പ്രവർത്തനങ്ങൾ നിർത്തിവച്ചതോടെ ഇന്ത്യൻ ഫുട്‌ബോളിൽ പ്രതിസന്ധി രൂക്ഷം. രാജ്യത്തെ ഒന്നാം നന്പർ ഫുട്‌ബോൾ ലീഗായ ഐഎസ്‌എൽ ഇൗ വർഷം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ക്ലബ്ബുകൾ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ക്ലബുകളും സമാനപാത പിന്തുടരുമെന്നാണ് സൂചന. ഹ്രസ്വകാലത്തേക്ക് സ്‌പോൺസറെ കണ്ടെത്തി ജനുവരിയിൽ ലീഗ് നടത്താനുള്ള നീക്കങ്ങൾ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) നടത്തുന്നതായാണ് സൂചന. എന്നാൽ ദീർഘകാലത്തേക്കുള്ള പദ്ധതി ഉറപ്പിക്കാതെ ക്ലബ്ബുകൾ സഹകരിച്ചേക്കില്ല. അതിനിടെ പ്രതിസന്ധി പരിഹരിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫെഡറേഷൻ.
ഐഎസ്‌എൽ നടത്തിപ്പുകാരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡുമായുള്ള (എഫ്‌എസ്‌ഡിഎൽ) കരാർ ഡിസംബറിൽ തീരുന്ന സാഹചര്യത്തിലാണ് പുതിയ സ്‌പോൺസറെ കണ്ടെത്താൻ ഫെഡറേഷൻ ശ്രമം നടത്തിയത്. ഒക്‌ടോബറിൽ ടെൻഡർ വിളിച്ചു. എഫ്‌എസ്‌ഡിഎൽ, ഫാൻകോഡ് തുടങ്ങിയ നാലോളം കന്പനികൾ തുടക്കത്തിൽ വന്നെങ്കിലും അവസാനം പിന്മാറി. കരാർ പ്രകാരം കന്പനികൾക്ക് ചുരുങ്ങിയത് 200 കോടി രൂപയെങ്കിലും നഷ്ടം വരുമെന്നാണ് കണക്ക്. ഇതിൽ ഇളവ് നൽകാതെ ഒരു കന്പനിയും ഐഎസ്‌എല്ലിനെ സ്‌പോൺസർ ചെയ്യാൻ സാധ്യതയില്ല. ഇളവുകൾ നൽകി വീണ്ടും ടെൻഡർ വിളിക്കാനായിരിക്കും ഫെഡറേഷന്റെ നീക്കം.
ക്ലബ്ബുകൾക്ക് ഫെഡറേഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. സൂപ്പർ കപ്പിനുശേഷം ഐഎസ്‌എൽ തുടങ്ങുമെന്ന ഉറപ്പിൽ മാത്രമാണ് ക്ലബ്ബുകൾ പരിശീലനം തുടങ്ങിയത്. ആ വാക്ക് പാലിക്കപ്പെട്ടില്ല. ഒഡിഷ എഫ-്‌സിയുടെ പ്രവർത്തനങ്ങൾ മാസങ്ങൾക്ക് മുമ്പെ നിലച്ചു. ചെന്നൈയിൻ എഫ്‌സി ടീമും സമാന സ്ഥിതിയിലാണ്. ബംഗളൂരു എ-ഫ്‌സി, നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡ്, എഫ്‌സി ഗോവ ക്ലബുകൾ അടിയന്തരയോഗം വിളിക്കാനൊരുങ്ങുന്നു. ചില ക്ലബുകൾ കളിക്കാരുമായുള്ള കരാർ അവസാനിപ്പിച്ചു. ശമ്പളം പിടിച്ചുവച്ചു.
കളിയില്ലെങ്കിൽ എന്തിന് പരിശീലനം എന്നായിരുന്നു ഒരു ക്ലബ്ബ് ഒഫീഷ്യലിന്റെ പ്രതികരണം. ‘കഴിഞ്ഞ 48 മണിക്കൂറായി ഞങ്ങൾ കാത്തിരിക്കുന്നു. ഒരു പുരോഗതിയും കാണുന്നില്ല. ലീഗ് നടന്നില്ലെങ്കിൽ ക്ലബ് ഉടമകളുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഉൗഹിക്കാൻ പോലും കഴിയില്ല’.
അതേസമയം, എത്രയും വേഗത്തിൽ പരിഹാരം കണ്ടെത്തുമെന്നായിരുന്നു എഐഎഫ-്‌എഫ് തലവൻ കല്യാൺ ചൗബെയുടെ പ്രതികരണം.









0 comments