സൂപ്പറാകാത്ത സൂപ്പർ ലീഗ്

ഐഎസ്എല്ലിൽ മാർച്ച് ആറിന് ഹെെദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന ഹെെദരാബാദ് എഫ്സി–പഞ്ചാബ് എഫ്സി മത്സരത്തിലെ ശുഷ്കമായ ഗ്യാലറി
പ്രദീപ് ഗോപാൽ
Published on May 19, 2025, 03:09 AM | 2 min read
കാണികളുടെ എണ്ണത്തിലും ആകർഷണീയതയിലും ഐഎസ്‌എൽ ഫുട്‌ബോൾ ഏറെ പിന്നിൽപ്പോയ സീസണാണ് അവസാനിച്ചത്. ഇപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പെടെ ഏഴ് ക്ലബ്ബുകൾക്ക് അടുത്ത സീസണിലേക്കുള്ള ലൈസൻസ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) പുതുക്കിനൽകിയില്ലെന്ന വാർത്തയും പുറത്തുവന്നു. ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അടുത്ത സീസണിൽ കളിക്കാനാകില്ല. സാമ്പത്തികമായും ലീഗ് പ്രതിസന്ധിയിലാണ്. കളി നിലവാരത്തിലും പ്രതീക്ഷിച്ച പുരോഗതിയുണ്ടായിട്ടില്ല. ഐഎസ്‌എല്ലിന്റെ നിലവാരമാണ് രാജ്യാന്തരതലത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പ്രകടനത്തിലും തെളിയുന്നത്. പതിനൊന്ന് സീസൺ പിന്നിട്ട ലീഗ് ഇന്ത്യൻ ഫുട്‌ബോളിന് എന്ത് നൽകിയെന്ന അന്വേഷണമാണ്
ആരാകും ഇന്ത്യൻ ഫുട്‌ബോളിലെ അടുത്ത സൂപ്പർ താരം?
ഐഎസ്‌എൽ പതിനൊന്നാം പതിപ്പിനുമുമ്പുള്ള ഒരു ചാനൽ പരിപാടിയാണ് വേദി. ഐ എം വിജയൻ, ബെയ്‌ചുങ് ബൂട്ടിയ, കഴിഞ്ഞ ദശകത്തിലെ മികച്ച താരം സുനിൽ ഛേത്രി എന്നിവരുടെ തുടർച്ചയിൽ ആരെന്നതായിരുന്നു ചോദ്യത്തിന്റെ ധ്വനി. ഉത്തരങ്ങൾ പലതുവന്നു.
എട്ട് മാസം കഴിഞ്ഞു. പതിനൊന്നാം പതിപ്പ് അവസാനിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ഒരുപേരിൽ നിർത്തി–- സുനിൽ ഛേത്രി.
ഇന്ത്യൻ ഫുട്ബോളിലെ വിപ്ലവം എന്ന വിശേഷണത്തോടെ തുടങ്ങിയ ഐഎസ്‌എൽ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ എന്ത് സംഭാവന നൽകി എന്നതിന് ഇതിൽപ്പരം ലളിതമായ ഉത്തരമില്ല. നാൽപ്പത് വയസ് പിന്നിട്ട, വിരമിക്കൽ പ്രഖ്യാപനം നടത്തി തിരിച്ചുവന്ന ഛേത്രിക്ക് അപ്പുറം മറ്റൊരു മികച്ച താരത്തെ സൃഷ്‌ടിക്കാനായിട്ടില്ല. പ്രൊഫഷണൽ നിലവാരവും സാങ്കേതിക മികവും കൈവരിച്ചെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് അടുക്കാനായിട്ടില്ല എന്നതാണ് യാഥാർഥ്യം. അടുത്ത സീസൺ തുടങ്ങാനിരിക്കെ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലാണ് ഇന്ത്യയുടെ പ്രധാന ഫുട്ബോൾ ലീഗ്. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പ്രകടനവും ഇതിൽ മുഴച്ചുനിൽക്കുന്നു. വിരമിച്ച ഛേത്രിയെ തിരിച്ചുവിളിക്കേണ്ടിവന്നു. 127–-ാം റാങ്കിലാണ് നിലവിൽ ഇന്ത്യൻ ടീം. സമീപകാലത്ത് ജയങ്ങളും അപൂർവമായി.
ഈ വർഷം അവസാനം ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റിഡും (എഫ്‌ഡിഎസ്‌എൽ) ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്) തമ്മിലുള്ള മീഡിയ റൈറ്റ്‌സ് കരാർ (എംആർഎ) അവസാനിക്കുകയാണ്. കരാർ പുതുക്കുമെന്ന് ഉറപ്പായിട്ടില്ല. ഒരുവർഷം 50 കോടി രൂപയാണ് എഫ്‌ഡിഎസ്‌എൽ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് നൽകുന്നത്. മാർക്കറ്റിങ്, അടിസ്ഥാന വികസനം തുടങ്ങിയവയ്‌ക്കും കൂടിയായി 100 കോടിയിലേറെ രൂപ ചെലവ്. 2014മുതൽ 2025വരെയുള്ള ഐഎസ്‌എല്ലിന്റെ പ്രവർത്തന ചെലവായി എഫ്‌ഡിഎസ്‌എല്ലിന് 5000 കോടി രൂപ നഷ്ടം സംഭവിച്ചതായാണ് കണക്ക്.

സാമ്പത്തിക പരാധീനതകൾക്കൊപ്പം ലീഗിനോടുള്ള കാണികളുടെ താൽപ്പര്യക്കുറവും തിരിച്ചടിയായി. കാഴ്‌ചക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണുള്ളത്. സീസണിൽ ഹൈദരാബാദ് എഫ്‌സിയുടെ കളികാണാനെത്തിയവരുടെ എണ്ണം ഒരു കളിക്ക് ശരാശരി 1517 പേരാണ്. സ്വന്തം തട്ടകത്തിൽ ആകെയുള്ള 12 കളി കാണാനെത്തിയത് 36,000 പേർമാത്രം. മോശം റഫറിയിങ്ങും കളിയുടെ നിലവാരവും വേറെ. ചില ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊൽക്കത്ത ക്ലബ് മുഹമ്മദൻസ് അടുത്ത സീസൺ കളിക്കുമെന്ന് ഉറപ്പില്ല. ഹൈദരാബാദ് എഫ്‌സി കഴിഞ്ഞ സീസണിൽ പ്രതിസന്ധിയിൽപ്പെട്ടു.
ക്രിക്കറ്റിലെ വിജയകരമായ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) സമാനമായായിരുന്നു ഐപിഎല്ലിന്റെ തുടക്കം. നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികൾ. "ഒരു നഗരം, ഒരു ക്ലബ്’ എന്ന ആശയം. ആദ്യത്തെ 10 വർഷത്തേക്ക് സ്ഥാനക്കയറ്റമോ തരംതാഴ്‌ത്തലോ ഇല്ലാത്ത ‘അടഞ്ഞ ലീഗ്’.
എട്ട് ക്ലബ്ബുകളുമായി 2014 ഒക്‌ടോബറിൽ ലീഗ് തുടങ്ങി. ലോകോത്തര താരങ്ങളായ റോബർട്ടോ കാർലോസ്, നിക്കോളാസ് അനെൽക്ക, അലസാൻഡ്രോ ദെൽ പീറോ എന്നീ താരങ്ങളെത്തി. കാണികളുടെ എണ്ണത്തിൽ ലോകത്ത് നാലാമതായിരുന്നു ഐഎസ്‌എൽ. അടുത്ത വർഷം സ്‌പാനിഷ് ലീഗിനെ മറികടന്ന് മൂന്നാമതെത്തി. എന്നാൽ തുടക്കഘട്ടത്തിലെ ആകർഷണീയതയും ആവേശവും ലീഗിന് നഷ്ടമായി. കോവിഡ് കാലത്തിനുശേഷം ഐഎസ്‌എല്ലിന്റെ സ്വാധീനം വലിയ തോതിൽ കുറയുകയായിരുന്നു. ആവേശവും താൽപ്പര്യവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുമുണ്ടായില്ല. പന്ത്രണ്ടാം പതിപ്പിലേക്ക് കാലെടുത്തുവയ്‌ക്കുമ്പോൾ ഇന്ത്യയുടെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗിന്റെ നിലനിൽപ്പുതന്നെ സംശയത്തിലാണ്.
(അതേക്കുറിച്ച് നാളെ)









0 comments