print edition ഐഎസ്എൽ ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന് ജയം

ഐഎസ്എൽ ഫുട്ബോളിൽ ഒഡിഷയ്--ക്കെതിരെ വിജയ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്തിയാസ് ഹെർണാണ്ടസ് (നടുവിൽ) സഹതാരങ്ങളുമായി ആഹ്ലാദം പങ്കിടുന്നു /ഫോട്ടോ: വി കെ അഭിജിത്
കൊച്ചി: തുടർത്തോൽവികൾ മറന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തുന്നു. ഐഎസ്‌എൽ ഫുട്‌ബോളിൽ ഒഡിഷ എഫ്‌സിയെ 2–1ന് തോൽപ്പിച്ച് തുടർച്ചയായ രണ്ടാംജയമാണ് സ്വന്തമാക്കിയത്. 11 കളിയിൽ 11 പോയിന്റുമായി ഒമ്പതാംസ്ഥാനത്തേക്ക് മുന്നേറാനും ആഷ്‌ലി വെസ്‌റ്റ്‌വുഡിനും സംഘത്തിനും കഴിഞ്ഞു.
വെസ്‌റ്റ്‌വുഡ് പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം മൂന്നാം ജയമാണിത്. അഞ്ച് കളിയിലാണ് ഇറങ്ങിയത്. ഒന്ന് വീതം സമനിലയും തോൽവിയും. ഒഡിഷയ്‌ക്കെതിരെ വിക്ടർ ബെർതോമ്യുവും മത്തിയാസ് ഹെർണാണ്ടസുമാണ് ഗോൾ നേടിയത്. റഹീം അലി ഒരെണ്ണം മടക്കി.
കൊച്ചിയിൽ ജംഷഡ്‌പുർ എഫ്‌സിയെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷയ്‌ക്കെതിരെയും മിന്നി. കളി തുടങ്ങി പത്ത് മിനിറ്റ് കഴിയുന്പോഴേക്കും ആദ്യ ഗോളെത്തി. കെവിൻ യോക്കിന്റെ നീക്കമായിരുന്നു നിർണായകമായത്.
ഇടതുഭാഗത്ത് ഒഡിഷ താരങ്ങളെ മറികടന്ന് മുന്നേറിയ യോക്ക് അടിതൊടുത്തു. ഒഡിഷ പ്രതിരോധക്കാരിൽ തട്ടി പന്ത് ഗോൾമുഖത്ത് വീണു. ബെർതോമ്യു പന്ത് നിയന്ത്രിച്ച് വലയിലേക്ക് പായിച്ചു.കളിയിൽ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ആധിപത്യം. പക്ഷേ, കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല. ഇതിനിടെ റഹീം അലിയിലൂടെ ഒരെണ്ണം ഒഡിഷ മടക്കി.
ഇടവേളയ്‌ക്കുശേഷം ആക്രമിച്ച് കളിച്ചെങ്കിലും ലീഡ് പിടിക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. ബെർതെമ്യുവും ഫ്രാഞ്ചുവും തകർപ്പൻ നീക്കങ്ങളുമായി കളംനിറഞ്ഞു. അവസാന നിമിഷം ഫ്രാഞ്ചുവിന് പകരം എബിൻദാസ് യേശുദാസൻ കളത്തിലെത്തി. പരിക്കുസമയത്ത് ഹെർണാണ്ടസിനെയും വെസ്‌റ്റ്‌വുഡ് ഇറക്കി.
ഇരുവരും ചേർന്നാണ് പരിക്കുസമയത്തിന്റെ നാലാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമുറപ്പിച്ചത്. എബിന്റെ കോർണറിൽ കൃത്യമായി തലവച്ചായിരുന്നു ഹെർണാണ്ടസിന്റെ ഗോൾ. ഇതിനിടെ യോക്കും ലക്ഷ്യം കണ്ടെങ്കിലും ഓഫ് സൈഡായി.
ആറ് പോയിന്റുള്ള ഒഡിഷ പതിമൂന്നാംസ്ഥാനത്താണ്. ബ്ലാസ്‌റ്റേഴ്‌സ് മെയ് പത്തിന് മുഹമ്മദൻസിനെ നേരിടും. 17ന് എഫ്‌സി ഗോവയുമായും കളിക്കും.










0 comments