print edition ഐഎസ്എൽ: ഹാട്രിക്കടിക്കാൻ ബ്ലാസ്‌റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിനിടയിൽ
കൊച്ചി: ഐഎസ്‌എൽ ഫുട്‌ബോളിൽ ഹാട്രിക് ജയത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയിലെ സ്വന്തംതട്ടകത്തിൽ ഇന്ന് മുഹമ്മദൻസിനെ നേരിടും. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് മത്സരം. 16 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് ടീം കളത്തിലെത്തുന്നത്.
പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ തകർപ്പൻ കളിയാണ്. അഞ്ച് കളിയിൽ മൂന്ന് ജയവും ഓരോ സമനിലയും തോൽവിയുമാണ്. അവസാന രണ്ട് കളിയും ജയിച്ചു. 11 കളിയിൽ 11 പോയിന്റുമായി എട്ടാംസ്ഥാനത്താണ്. മുഹമ്മദൻസിനാകട്ടെ ഒറ്റ ജയമില്ല. പത്ത് മത്സരത്തിൽ മൂന്ന് പോയിന്റുമായി അവസാന സ്ഥാനത്താണ്.
തരംതാഴ്‌ത്തൽ ഭീഷണി അതിജീവിച്ച ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് കളി കൂടിയാണ് ബാക്കിയുള്ളത്. രണ്ടും ജയിച്ച് അന്തസ്സായി സീസൺ അവസാനിപ്പിക്കാനാണ് ആഗ്രഹം. പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പാണ്. 17ന് എഫ്‌സി ഗോവയുമായാണ് അവസാന മത്സരം. നീണ്ട ഇടവേള ടീമിൽ ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. പരിക്കിന്റെ പ്രശ്‌നങ്ങളില്ല. വിക്ടർ ബെർതോമ്യു, മത്തിയാസ് ഹെർണാണ്ടസ്, ഫ്രാഞ്ചു, എബിൻദാസ് യേശുദാസ് തുടങ്ങിയവരെല്ലാം മികച്ചഫോമിലാണ്.
ലീഗിൽ മോഹൻ ബഗാനും ഗോവയും ഓരോ ഗോളടിച്ച് പിരിഞ്ഞു. ജാമി മക്‌ലാരനിലൂടെ ബഗാനായിരുന്നു ലീഡെടുത്തത്. റോണി വിൽസൺ ഗോവയ്‌ക്കായി മടക്കി. 21 പോയിന്റുള്ള ബഗാൻ രണ്ടാമതും 20 പോയിന്റുള്ള ഗോവ അഞ്ചാമതുമാണ്.
മറ്റൊരു മത്സരത്തിൽ ബംഗളൂരു എഫ്സി 1–0ന് ജംഷഡ്പുർ എഫ്സിയെ മറികടന്നു. ആദ്യപകുതി റ്യാൻ വില്യംസാണ് ബംഗളൂരുവിനായി ലക്ഷ്യം കണ്ടത്. ജംഷഡ്പുർ (21) മൂന്നാം സ്ഥാനത്തും ബംഗളൂരു (20) നാലാമതുമാണ്.
ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങളുണ്ട്.









0 comments