ഇന്റർജാലം; രണ്ടാംപാദ സെമിയിൽ ബാഴ്സലോണയെ 4–3ന് തോൽപ്പിച്ചു


Sports Desk
Published on May 08, 2025, 04:05 AM | 2 min read
സാൻസിറോ
ഫുട്‌ബോൾ ലോകം 120 മിനിറ്റ് ഒരു മായിക കളത്തിലായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ഹരംപിടിപ്പിച്ച നിമിഷങ്ങൾ. ഗോളുകൾകൊണ്ടൊരു കളി. ഒടുവിൽ ബാഴ്‌സലോണയുടെ ഹൃദയം തകർത്ത് ഇന്റർ മിലാൻ നേടി. അധികസമയത്ത് 4–-3ന്റെ ജയം. ഇരുപാദങ്ങളിലുമായി 7–-6ന് സിമിയോണി ഇൻസാഗിയുടെ സംഘം ഫൈനലിൽ.
ബാഴ്‌സലോണയിലെ ആദ്യപാദ സെമി 3–-3ന് അവസാനിച്ച അതേ ആവേശത്തിൽ ഇന്റർ തട്ടകമായ സാൻസിറോയിൽ തുടങ്ങി. പോർവീര്യവും അടിയും തിരിച്ചടിയും അതുപോലെ. ഒടുവിൽ അധികസമയത്ത് ഡേവിഡ് ഫ്രറ്റേസി നേടിയ ഗോളിൽ ഇന്റർ കയറി. ഗോൾ കീപ്പർ യാൻ സോമ്മറുടെ പ്രകടനവും വിജയത്തിൽ നിർണായകമായി.
ആതിഥേയർ തുടക്കത്തിൽ രണ്ട് ഗോളിന് ലീഡ് നേടി. ബാഴ്‌സ രണ്ടാംപകുതിയിൽ തിരിച്ചടിച്ചു. കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ 3–-2ന് മുന്നിലെത്തുകയും ചെയ്‌തു. എന്നാൽ പരിക്കുസമയത്ത് ഫ്രാൻസിസ്‌കോ അകെർബി തകർപ്പൻ ഗോളിലൂടെ ഇന്ററിനെ കാത്തു. കളി അധികസമയത്തേക്ക് നീങ്ങി.
ആദ്യ 45 മിനിറ്റ് ഇന്റർ പരിധിയിലായിരുന്നു പന്ത്. ലൗതാരോ മാർട്ടിനെസിന്റെ ഗോളിൽ ലീഡ്. ഡെൻസെൽ ഡംഫ്രിസിന്റെ നീക്കത്തിൽനിന്നായിരുന്നു ക്യാപ്‌റ്റന്റെ ഗോൾ. പിന്നാലെ ഹകാൻ ചല്യാനോഗ്ലു പെനൽറ്റിയിലൂടെ നേട്ടം രണ്ടാക്കി. പൗ കുബാർസി മാർട്ടിനെസിനെ ഫൗൾ ചെയ്‌തതിനായിരുന്നു പെനൽറ്റി.
ആദ്യപാദത്തിലെന്നപോലെ രണ്ടാംപകുതിയിൽ ഹാൻസി ഫ്‌ളിക്കിന്റെ സംഘം അതിമനോഹര തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദ്യം എറിക് ഗാർഷ്യ. തകർപ്പൻ വോളി സോമ്മറിനെ കടന്ന് വലയിൽ കയറി. ജെറാർഡ് മാർട്ടിനാണ് അവസരമൊരുക്കിയത്. പിന്നാലെ ഗാർഷ്യയുടെ മറ്റൊരു ശ്രമം ഇന്റർ ഗോളി നിർവീര്യമാക്കി. നിമിഷങ്ങൾക്കുള്ളിൽ ബാഴ്‌സ ഒപ്പമെത്തി. ഡാനി ഒൽമോയുടെ ഒന്നാന്തരം ഹെഡർ. മാർട്ടിന്റെ മറ്റൊരു മനോഹര ക്രോസായിരുന്നു അവസരമൊരുക്കിയത്.
കളി ബാഴ്‌സയുടെ കാലുകളിലായി. ലമീൻ യമാൽ ഇന്റർ പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. ഇതിനിടെ യമാലിനെ ഹെൻറിക് മികിതര്യാൻ വീഴ്‌ത്തിയതിന് റഫറി പെനൽറ്റി വിധിച്ചു. എന്നാൽ വാർ പരിശോധനയിൽ തീരുമാനം റദ്ദാക്കി. ബോക്‌സിനുപുറത്താണ് ഫൗളെന്ന് തെളിയുകയായിരുന്നു. സോമ്മെർ വീണ്ടും മിന്നി. ഇക്കുറി യമാലിന്റെ വോളിയാണ് തടഞ്ഞത്. നിശ്‌ചിതസമയം തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെയായിരുന്നു ബാഴ്‌സയുടെ മൂന്നാംഗോൾ. സാൻസിറോയെ നിശ്ശബ്‌ദമാക്കി റഫീന്യ തൊടുത്തു. പെഡ്രി നൽകിയ പന്തിൽ നടത്തിയ ആദ്യശ്രമം സോമ്മെർ തട്ടിയിട്ടു. എന്നാൽ തെറിച്ചുവീണ പന്ത് ബ്രസീലുകാരൻ വലതുവശത്തെ മൂലയിലേക്ക് പായിച്ചു.
ബാഴ്‌സ ജയംപിടിച്ചുവെന്ന ആഘോഷത്തിലായിരുന്നു. പരിക്കുസമയം തീരാൻ രണ്ട് മിനിറ്റുമാത്രം ശേഷിക്കെ ആഘോഷം നിലച്ചു. അകെർബിയുടെ ഒന്നാന്തരം ഗോളിൽ ഇന്റർ ജീവൻ നേടുകയായിരുന്നു. ഒരിക്കൽക്കൂടി ഡെംഫ്രിസിന്റെ ക്രോസ് അപകടം വിതച്ചു. അധികസമയത്ത് ഫ്രറ്റേസിയുടെ ഗോളിൽ ഇന്റർ ആവേശപ്പോര് അവസാനിപ്പിച്ചു. ബാഴ്‌സ യുവനിര നിരാശയോടെ മടങ്ങി.
ഈ മാസം 31നാണ് ഫെെനൽ. 2015നുശേഷം ബാഴ്സയ്ക്ക് ചാമ്പ്യൻസ് ലീഗ് ഫെെനലിൽ കടക്കാനായിട്ടില്ല. മൂന്ന് തവണ ചാമ്പ്യൻമാരായ ഇന്റർ മിലാന്റെ അഞ്ചാം ഫെെനലാണ്. 2023ലായിരുന്നു അവസാന ഫെെനൽ. മാഞ്ചസ്റ്റർ സിറ്റിയോട് ഒരു ഗോളിന് തോറ്റു.









0 comments