ഡോർട്ട്‌മുണ്ടിനും ഇന്ററിനും ജയം

സിൻസിനാറ്റി: ഫിഫ ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ ഇന്റർ മിലാൻ, ബൊറൂസിയ ഡോർട്ട്‌മുണ്ട്, ഫ്‌ളുമിനെൻസ് ടീമുകൾക്ക് ജയം. ഇന്റർ ജപ്പാൻ ക്ലബ് ഉറാവ റെഡ്‌സിനെ 2–-1ന് തോൽപ്പിച്ചു. ഡോർട്ട്‌മുണ്ട് കടുത്ത പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ക്ലബ് മാമെലൊദി സൺഡൗൺസിനെ കീഴടക്കി (4–-3). ഫ്‌ളുമിനെൻസ് 4–-2ന് ഉൾസാൻ എച്ച്‌ഡിയെ തകർത്തു. റിവർപ്ലേറ്റും മോണ്ടെറിയും ഗോളടിക്കാതെ പിരിഞ്ഞു. പൊരുതിക്കളിച്ച ഉറാവയ്‌ക്കെതിരെ പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ററിന്റെ ജയം. പരിക്കുസമയത്ത് വാലെന്റിൻ കർബോണി വിജയഗോൾ നേടി. കളി തുടങ്ങി കാൽമണിക്കൂറിനുള്ളിൽ ലീഡ് നേടി ഉറാവ ഇന്ററിനെ ഞെട്ടിച്ചതാണ്. റ്യോമ വറ്റാനബെയുടെ ഗോളിലായിരുന്നു ജപ്പാൻ ക്ലബ് മുന്നിലെത്തിയത്. ഇന്റർ പ്രത്യാക്രമണം നടത്തിയെങ്കിലും ലക്ഷ്യംകാണാനായില്ല.
ലൗതാരോ മാർട്ടിനെസിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 12 ഷോട്ടുകളാണ് ആദ്യ പകുതിയിൽ ഇറ്റാലിയൻ ക്ലബ് തൊടുത്തത്. കളിതീരാൻ 12 മിനിറ്റ് ശേഷിക്കെയാണ് ഇന്റർ ഒപ്പമെത്തിയത്. ക്യാപ്‌റ്റൻ മാർട്ടിനെസിന്റെ സിസർ കട്ട് ഇന്ററിനെ ഒപ്പമെത്തിച്ചു. പരിക്കുസമയത്തിന്റെ രണ്ടാം മിനിറ്റിൽ ബോക്‌സിൽ തട്ടിത്തെറിച്ച പന്ത് കർബോണി വലയിലാക്കി. ഗ്രൂപ്പ് ഇയിൽ ഇന്ററിന്റെ ആദ്യ ജയമാണിത്. രണ്ടാമതാണ് ടീം. മോണ്ടെറിയുമായി ഗോളടിക്കാതെ പിരിഞ്ഞെങ്കിലും റിവർപ്ലേറ്റ് ഒന്നാമത് നിൽക്കുകയാണ്. ഗ്രൂപ്പിലെ അവസാന കളിയിൽ ഇന്ററും റിവർപ്ലേറ്റും ഏറ്റുമുട്ടും. മോണ്ടെറി ഉറാവയുമായി കളിക്കും. ഗ്രൂപ്പ് എഫിൽ അവസാനഘട്ടത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഡോർട്ട്‌മുണ്ട് സൺഡൗൺസിനെതിരെ ജയം നേടി. ലൂക്കാസ് റിബെയ്‌റോ കോസ്‌റ്റ കളിയുടെ തുടക്കത്തിൽതന്നെ ദക്ഷിണാഫ്രിക്കൻ ക്ലബ്ബിനെ മുന്നിലെത്തിച്ചു. തുടർന്ന് ഡോർട്ട്‌മുണ്ട് കളംപിടിക്കുകയായിരുന്നു. ആദ്യത്തേത് ഫെലിക്‌സ് എൻമെച്ച നേടി. പിന്നാലെ സെർഹു ഗുയ്‌റാസിയും ലക്ഷ്യംകണ്ടു. ആദ്യപകുതി അവസാനിക്കുംമുമ്പ് പത്തൊമ്പതുകാരൻ ജോബ് ബെല്ലിങ്‌ഹാമും വല കുലുക്കിയതോടെ ഡോർട്ട്‌മുണ്ടിന് 3–-1ന്റെ ലീഡായി.
റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്‌ഹാമിന്റെ സഹോദരനാണ് ജോബ്. രണ്ടാംപകുതിയുടെ തുടക്കത്തിൽ കുലിസോ മുഡാവു പിഴവുഗോൾ വഴങ്ങിയതോടെ ജർമൻ ക്ലബ്ബിന്റെ ലീഡുയർന്നു. അവസാന നിമിഷങ്ങളിൽ തുടർച്ചയായി ഗോളടിച്ച് സൺഡൗൺസ് സമ്മർദമുണ്ടാക്കാൻ ശ്രമിച്ചു. ഇഖ്‌റാം റയ്‌നേഴ്‌സും ലെബോ മോതിബയുമാണ് ഗോളടിച്ചത്. ഡോർട്ട്‌മുണ്ട് വിട്ടുനൽകിയില്ല. ഫ്‌ളുമിനെൻസ് മികച്ച പ്രകടനം തുടർന്നു. ദക്ഷിണ കൊറിയൻ ക്ലബ് ഉൾസാനെതിരായ 4–-2ന്റെ ജയത്തോടെ ഗ്രൂപ്പ് എഫിൽ ഒന്നാമതെത്താൻ ബ്രസീൽ ക്ലബ്ബിന് കഴിഞ്ഞു. അവസാന കളിയിൽ ഫ്‌ളുമിനെൻസ് സൺഡൗൺസിനെയും ഡോർട്ട്‌മുണ്ട് ഉൾസാനെയും നേരിടും.









0 comments