ad
Deshabhimani

രാജ്യാന്തര കായിക തർക്ക പരിഹാര കോടതി ഉത്തരവ്‌

ഐ ലീഗ്‌ കിരീടം 
ഇന്റർ കാശിക്ക്‌

inter kashi

ഇന്റർ കാശി ഫുട്ബോൾ ടീം

avatar
Sports Desk

Published on Jul 19, 2025, 04:38 AM | 2 min read


ന്യൂഡൽഹി

ഐ ലീഗ്‌ ഫുട്‌ബോളിൽ വീണ്ടും നാടകീയത. പുതിയ ചാമ്പ്യൻമാരായി ഇന്റർ കാശിയെ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി പ്രഖ്യാപിച്ചു. ചർച്ചിൽ ബ്രദേഴ്‌സിനെയായിരുന്നു അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) നേരത്തെ ജേതാക്കളായി അംഗീകരിച്ചത്‌. ഇതിനെതിരെ ഇന്റർ കാശി നൽകിയ ഹർജിയിലാണ്‌ നിർണായക വിധി. അയോഗ്യനായ വിദേശ താരത്തെ കളിപ്പിച്ചു എന്ന പേരിൽ കാശിയുടെ മൂന്ന്‌ പോയിന്റ്‌ എഐഎഫ്‌എഫ്‌ അപ്പീൽ കമ്മിറ്റി കുറച്ചിരുന്നു. ഇത്‌ റദ്ദാക്കിയാണ്‌ കോടതിയുടെ ഇടപെടൽ.


ഇനി കാശി ഐഎസ്‌എൽ കളിക്കുമോ എന്ന കാര്യത്തിലാണ്‌ ആകാംക്ഷ. ചർച്ചിലിനെ കളിപ്പിക്കുമെന്ന്‌ എഐഎഫ്‌എഫ്‌ അറിയിച്ചിരുന്നു. മാനദണ്ഡ പ്രകാരം ഐ ലീഗ്‌ ജേതാക്കൾക്കാണ്‌ രാജ്യത്തെ ഒന്നാംനിര ലീഗായ ഐഎസ്‌എൽ കളിക്കാൻ യോഗ്യത. പുതിയ സാഹചര്യത്തിൽ കാശിക്കാണ്‌ ഈ സ്ഥാനം ലഭിക്കേണ്ടത്‌.


ഏപ്രിൽ ഏഴിന്‌ ഐ ലീഗിൽ അവസാന റൗണ്ട്‌ മത്സരങ്ങൾ കഴിഞ്ഞിരുന്നു. കാശിയുടെ കേസ്‌ അപ്പീൽ കമ്മിറ്റിക്ക്‌ മുന്നിലുള്ളതിനാൽ അന്ന്‌ ചാമ്പ്യൻമാരെ പ്രഖ്യാപിച്ചില്ല. വൈകാതെ 22 കളിയിൽ 40 പോയിന്റുള്ള ഗോവൻ ക്ലബ്ബായ ചർച്ചിലാണ്‌ ജേതാക്കളെന്ന തീരുമാനം വന്നു. വിജയികൾക്കുള്ള ട്രോഫിയും നൽകി. കാശി 39 പോയിന്റുമായി രണ്ടാമതായി. സ്‌പാനിഷ്‌ മുന്നേറ്റക്കാരൻ മരിയോ ബാർകോയെ രണ്ടാമതും രജിസ്‌റ്റർചെയ്‌തതാണ്‌ വിവാദമായത്‌. സീസണിന്റെ തുടക്കം കാശിയിലായിരുന്ന താരത്തിന്‌ പരിക്കേറ്റു. പകരം മാറ്റിയ ബാബോവിച്ച്‌ ടീമിലെത്തി. എന്നാൽ പരിക്കുമാറിയ ബാർകോയെ മറ്റൊരു വിദേശ താരമായ യുവാൻ പെരെസ്‌ ഡെൽ പിനോയെ ഒഴിവാക്കി രണ്ടാമതും കാശി ടീമിലെടുത്തു. ഇത്‌ ചട്ടലംഘനമാണെന്നാണ്‌ എഐഎഫ്‌എഫ്‌ അപ്പീൽ കമ്മിറ്റി കണ്ടെത്തിയത്‌. ഇത്‌ കായിക തർക്ക പരിഹാര കോടതി തിരുത്തി. വിധി തുണച്ചതോടെ മൂന്ന്‌ പോയിന്റ്‌ കൂടി നേടിയ കാശി 42 പോയിന്റുമായി കിരീടമുറപ്പിച്ചു. നേരത്തെ നാംധാരി എഫ്‌സി അയോഗ്യനായ കളിക്കാരെ കളിപ്പിച്ചെന്ന കേസിലും കാശിക്ക്‌ അനുകൂല വിധി വന്നിരുന്നു.


കേസ്‌ നടത്താൻ കാശിക്ക്‌ ചെലവായ തുക എഐഎഫ്‌എഫിനൊപ്പം ഐ ലീഗ്‌ ക്ലബ്ബുകളായ ചർച്ചിലും നാംധാരിയും റിയൽ കശ്‌മീരും ചേർന്ന്‌ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. വിധി അംഗീകരിക്കുന്നുവെന്നും കാശിക്ക്‌ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നും എഐഎഫ്‌എഫ്‌ പ്രസിഡന്റ്‌ കല്യാൺ ചൗബെ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home