സൂപ്പറാകാത്ത സൂപ്പർ ലീഗ് 2
ഇന്ത്യൻ ‘വിദേശ’ ലീഗ്

മൻവീർ സിങ് / സഹൽ അബ്ദുൾ സമദ് / അനിരുദ്ധ് ഥാപ്പ
പ്രദീപ് ഗോപാൽ
Published on May 20, 2025, 04:26 AM | 2 min read
ഐഎസ്‌എൽ ഈ സീസണിലെ രണ്ടാംപാദ സെമി. ബംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരം. ബംഗളൂരുവിന്റെ പ്രതിരോധത്തിൽ ഇന്ത്യൻ താരങ്ങൾ മാത്രം. പക്ഷേ, മുന്നേറ്റത്തിലും മധ്യനിരയിലുമുള്ള ആറ് സ്ഥാനങ്ങളിൽ അണിനിരന്നത് നാല് വിദേശ താരങ്ങൾ. ഐഎസ്‌എല്ലിന്റെ നേർചിത്രം ഇതാണ്. നിർണായക സ്ഥാനങ്ങളിൽ എക്കാലത്തും വിദേശ താരങ്ങൾ. ഗോളടിക്കാരിലും കളിമെനയുന്നവരിലും ഇന്ത്യൻ സാന്നിധ്യമുണ്ടാകാറില്ല. കളത്തിൽ മാത്രമല്ല, കളത്തിനുപുറത്തും ഇതേ സ്ഥിതിയാണ്.
കഴിഞ്ഞ 11 സീസണുകളിൽ ഒരിക്കൽപ്പോലും ഒരു ഇന്ത്യൻ താരത്തിന് മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകം നേടാനായില്ല. ആകെ ഗോളടിക്കാരിൽ ഛേത്രി മുന്നിലാണ്. 11 സീസണിൽ പത്തിലും കളിച്ചതിന്റെ അനുഭവസമ്പത്തുണ്ട് നാൽപ്പതുകാരന്.
നിലവിൽ ആദ്യ പതിനൊന്നിൽ നാല് വിദേശ താരങ്ങളെവരെ ഇറക്കാം. ആ നാലും ഏറ്റവും പ്രധാന സ്ഥാനങ്ങളിലായിരിക്കും. ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമുതൽ അവസാന സ്ഥാനത്തുള്ള മുഹമ്മദൻസുവരെ പ്രധാന ഗോളടിക്കാരന്റെ ചുമതല നൽകുന്നത് വിദേശതാരങ്ങൾക്കാണ്. ഈ രീതിക്ക് മാറ്റംവരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഗോളുകൾ മത്സരം ജയിപ്പിക്കുന്നു എന്നതാണ് ഫുട്ബോളിലെ ലളിത തത്വം. വർഷങ്ങളായി ടീമുകൾ ചെയ്യുന്നത് ഇക്കാര്യം നിർവഹിക്കാൻ വിദേശ കളിക്കാരെ ഇറക്കുമതി ചെയ്യുകയാണ്.
മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ കാര്യമെടുക്കാം. മുന്നേറ്റത്തിൽ ഒന്നിൽക്കൂടി സ്ഥാനങ്ങളിൽ കളിക്കാനാകുന്ന താരമാണ് മൻവീർ സിങ്. എന്നാൽ, ലീഗിൽ വിദേശതാരങ്ങളാണ് മൻവീറിന്റെ സ്ഥാനത്ത് കളിക്കുന്നത്. അതിനാൽ ഇന്ത്യൻ ദേശീയ ടീമിലും ക്ലബ്ബിലും വ്യത്യസ്‌ത സ്ഥാനങ്ങളിലാണ് മൻവീർ കളിക്കുന്നത്. ബഗാനിൽ സ്‌ട്രൈക്കർ, സെന്റർ ഫോർവേഡ് സ്ഥാനത്തുനിന്ന് വിങ്ങറായി മാറേണ്ടിവന്നു. അഞ്ച് സീസണിൽ ഇതായിരുന്നു അവസ്ഥ. 111 കളികളിൽ ഒമ്പത് തവണമാത്രം സെന്റർ ഫോർവേഡായി കളിച്ചു. അതേസമയം, ഈ കാലയളവിൽ ഇന്ത്യൻ ടീമിനായി 13 തവണ ഗോളടിക്കാരനായി ഇറങ്ങി. ഒമ്പത് തവണയാണ് വലത് വിങ്ങിൽ കളിച്ചത്. മറ്റ് ഇന്ത്യൻ താരങ്ങളുടെ അവസ്ഥയും സമാനമാണ്. നിലവിൽ ഏറ്റവും മികച്ച യുവതാരങ്ങളുള്ള ടീമാണ് ബഗാൻ. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ തുടങ്ങി അനിരുദ്ധ് ഥാപ്പ, ലിസ്‌റ്റൺ കൊളാസോ, ലാലെങ്‌മാവിയ റാൽട്ടെ, ദീപക് ടാംഗ്രി തുടങ്ങിയ പ്രതിഭകളുടെ വിളനിലം. പക്ഷേ, ഇവർക്കാർക്കും വേണ്ടത്ര കളിസമയം കിട്ടുന്നില്ല എന്നതാണ് പോരായ്‌മ.
2023–24 സീസണിൽ ഥാപ്പയ്‌ക്കും സഹലിനും യഥാക്രമം ശരാശരി 64.86ഉം 69.53ഉം മിനിറ്റ് വീതം കളി സമയംകിട്ടി. ഈ സീസണിൽ പക്ഷേ, കളിസമയം യഥാക്രമം 55.38 ഉം 42.94മായി കുറഞ്ഞു.
പരിശീലകരുടെ കാര്യത്തിലും ഇത് കാണാം. ഒരു ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരൻ എത്താൻ ഏഴാം പതിപ്പുവരെ കാത്തിരിക്കേണ്ടിവന്നു. ഐഎസ്‌എല്ലിൽ ആകെ 84 മുഖ്യപരിശീലകരാണ്. ഇതിൽ രണ്ടുപേർ മാത്രമാണ് ഇന്ത്യക്കാർ. 2021ൽ ഖാലിദ് ജമീൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് കോച്ചായി. ഈ സീസണിൽ ജംഷഡ്‌പുർ എഫ്‌സിയെയും നയിച്ചു. തങ്‌ബോയ് സിങ്‌തോയാണ് മറ്റൊരാൾ. 2023ൽ ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായി. കഴിഞ്ഞ സീസണിൽ പുറത്താക്കി. വിദേശ പരിശീലകർ ഇന്ത്യൻ താരങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. ഏഷ്യൻ ലീഗുകളിലെ വിപണിമൂല്യത്തിൽ മുന്നിലാണ് ഐഎസ്‌എൽ. എന്നാൽ, അതിനനുസരിച്ചുള്ള ഫലമുണ്ടാകുന്നില്ല എന്നതാണ് സത്യം.
(അതേക്കുറിച്ച് നാളെ)









0 comments