സൂപ്പറാകാത്ത സൂപ്പർ ലീഗ്
ചലിക്കാത്ത പന്ത്

പ്രദീപ് ഗോപാൽ
Published on May 21, 2025, 04:12 AM | 2 min read
ഐഎസ്‌എല്ലിന്റെ വിപണി മൂല്യം 456 കോടി രൂപയാണ്. ഏഷ്യൻ രാജ്യങ്ങളിലെ 16 ലീഗുകളിൽ പന്ത്രണ്ടാമത്. എന്നാൽ വിപണി മൂല്യത്തിൽ പിന്നിൽനിൽക്കുന്ന രാജ്യങ്ങളിലെ ഫുട്‌ബോൾ ലീഗുകൾ ഐഎസ്‌എല്ലിനെക്കാൾ മികച്ച നിലവാരത്തിലാണ്. രാജ്യങ്ങൾ പലതും ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലാണ്, പ്രകടനത്തിലും.
ചലിക്കാത്ത പന്താണ് ഐഎസ്‌എൽ. അത് നീങ്ങണമെങ്കിൽ ഭാവനാസമ്പന്നമായ ആസൂത്രണമുണ്ടാകണം. നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റുമായാണ് (ഐപിഎൽ) ഐഎസ്‌എല്ലിന്റെ മത്സരം. എന്നാൽ ഇന്ത്യയുടെ നിലവിലെ സാംസ്‌കാരിക പശ്‌ചാത്തലത്തിൽ ഫുട്‌ബോളിന് പിന്തുണ നേടാനും അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതും വെല്ലുവിളിയാണ്. ഇന്ത്യയിൽ ഫുട്ബോളിനെ ജനപ്രിയമാക്കുന്നതിൽ ഐഎസ്എൽ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനാകുന്നില്ല. ശ്രദ്ധയും നിക്ഷേപവുമെല്ലാം വിശാലമായി വിനിയോഗിക്കാനുമാകുന്നില്ല.

ഐപിഎല്ലിനെപ്പോലെ വിനോദവും വാണിജ്യപരമായ നേട്ടങ്ങളുമാണ് ഐഎസ്‌എൽ മുൻഗണന നൽകിയിട്ടുള്ളത്. താരപദവിയുള്ള കളിക്കാരും പരിശീലകരും ഹ്രസ്വകാല നേട്ടങ്ങൾക്കുമാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഐഎസ്‌എൽ തെളിയിച്ചു കഴിഞ്ഞു. ഫുട്‌ബോളിന്റെ ദീർഘകാല വികസനം അതിന്റെ അജന്‍ഡയാകുന്നില്ല. ഐ ലീഗുമായോ മറ്റ് ആഭ്യന്തര ലീഗുകളുമായി ഫലപ്രദമായി സംയോജിച്ച് പോകാനാകുന്നില്ല. ചില ക്ലബ്ബുകൾക്കുമാത്രമാണ് അവരുടെ അക്കാദമി താരങ്ങളെ പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കൈപിടിച്ചുകൊണ്ടുവരാനായിട്ടുള്ളത്. വിദേശ താരങ്ങും ഇന്ത്യൻ താരങ്ങളും ഒന്നിച്ചുകളിക്കുമ്പോഴുള്ള ഗുണനിലവാരത്തിന്റെ പൊരുത്തക്കേടുകൾ ഇപ്പോഴും മുഴച്ചുനിൽക്കുന്നുണ്ട്. ശക്തമായ ഒരു ഫുട്‌ബോൾ സംസ്‌കാരം വളർത്തിയെടുക്കുന്നതിന് ഇത് വെല്ലുവിളിയാകുന്നു.
സാമ്പത്തിക നിക്ഷേപത്തിന് അനുസരിച്ച് പരിശീലന സൗകര്യങ്ങളും പരിശീലന നിലവാരവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഉദ്ദേശിച്ച പുരോഗതിയുണ്ടോയെന്നും സംശയമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മികച്ചൊരു സ്‌റ്റേഡിയമുണ്ടായിട്ടില്ല. ചില ക്ലബ്ബുകൾക്ക് കൃത്യമായുള്ള ഡഗ്ഗൗട്ടുകൾ പോലുമില്ല.
പത്ത് സീസൺ കഴിഞ്ഞാൽ സ്ഥാനക്കയറ്റവും തരംതാഴ്‌ത്തലുമുണ്ടാകുമെന്നായിരുന്നു ആദ്യധാരണ. എന്നാൽ ഐ ലീഗ് ചാമ്പ്യൻമാർക്ക് സ്ഥാനക്കയറ്റം കിട്ടുന്നുണ്ടെങ്കിലും തരംതാഴ്‌ത്തൽ നടപ്പിലായിട്ടില്ല. ആറ് വിദേശ താരങ്ങൾ എന്നത് ഇന്ത്യൻ ഫുട്‌ബോളിന് ഗുണകരമാകുന്നില്ല. ഒപ്പം പന്ത് തട്ടി കളി പഠിക്കട്ടെ എന്ന ആശയം കാലഹരണപ്പെട്ടു. കാണികളെ സ്‌റ്റേഡിയത്തിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങൾ നടക്കുന്നില്ല. കൊൽക്കത്തൻ ക്ലബ്ബുകൾ, കേരള ബ്ലാസ്‌റ്റേഴ്‌സ്, ബംഗളൂരു എഫ്‌സി ടീമുകൾക്കുമാത്രമാണ് കൃത്യമായ ആരാധകക്കൂട്ടമുള്ളത്. ഗോവയിൽപോലും കാണികൾ കുറയുകയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനം കാണികളെ സ്‌റ്റേഡിയത്തിൽനിന്ന് അകറ്റി.
ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുകയെന്നത് രാജ്യത്തിന്റെ ഫുട്‌ബോൾ വികസനത്തിന്റെ സാക്ഷ്യമാണ്. ഒരുകാലത്ത് സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു തുടങ്ങിയ കളിക്കാർക്ക് വിദേശ ലീഗുകളിൽ അവസരം കിട്ടിയിരുന്നു. എന്നാൽ സാങ്കേതികമായി ഇത്രയേറെ മുന്നേറിയിട്ടും നിലവിൽ ഒരു ഇന്ത്യൻ താരത്തിന് യൂറോപ്പിലോ മറ്റ് വിദേശ ലീഗുകളിലോ ഇടംപിടിക്കാനായിട്ടില്ല. ബ്രസീൽ ക്ലബ് അത്‌ലറ്റികോ പരാനെയൻസിനായി കളിച്ച റോമിയോ ഫെർണാണ്ടസ് മാത്രമാണ് ഐഎസ്‌എൽ കാലത്ത് നേട്ടമുണ്ടാക്കിയ ഒരു താരം.
ആഭ്യന്തര ലീഗിന്റെ വിജയം പലപ്പോഴും ദേശീയ ടീമിന്റെ പ്രകടനവുമായി ബന്ധപ്പെട്ടായിരിക്കും. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലെ ലീഗുകളും ദേശീയ ടീമിന്റെ പ്രകടനങ്ങളുമാണ് ഇന്ത്യക്ക് മുന്നിൽ ഉദാഹരണമായിട്ടുള്ളത്.

(ഏഷ്യൻ മാതൃകകളെക്കുറിച്ച് നാളെ)









0 comments