print edition ഐഎസ്‌എൽ ചർച്ചക്ക് കേന്ദ്രം ; സർക്കാർ ഇടപെടലിനോട് വിയോജിപ്പെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
കരാറിലൂടെ വാണിജ്യപങ്കാളിയെ കണ്ടെത്തി ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസൺ ആരംഭിക്കാനുള്ള സാധ്യത മങ്ങിയതോടെ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
കേസ് പരിഗണിച്ച ജസ്‌റ്റിസുമാരായ പി എസ് നരസിംഹ, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ചിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് കരാർ ചർച്ചയിൽ പങ്കെടുക്കാൻ കോടതി കേന്ദ്രസർക്കാരിന് അനുമതി നൽകി. എന്നാൽ വീണ്ടും ഇന്ത്യൻ ഫുട്‌ബോളിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാത്രമുള്ള അനുമതിയാണ്.
ജസ്‌റ്റിസ് എൽ നാഗേശ്വര റാവു സമിതിയുടെ കരാർ ശുപാർശകൾ മുൻനിർത്തി ക്ലബുകളുമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ചർച്ച തുടരണമെന്നാണ് കോടതി നിർദേശം വെച്ചത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ക്ലബുകളുമായി ചർച്ച നടത്തണമെന്നും അമികസ്‌ക്യൂറി ഗോപാൽ ശങ്കരനാരായണൻ ആവശ്യപ്പെട്ടു. ഇതിനായി രണ്ടാഴ്‌ചവേണമെന്നും അദ്ദേഹം പറഞ്ഞു.
കരാർ ചർച്ചയിൽ പങ്കെടുത്ത വാണിജ്യപങ്കാളികളുമായി ചർച്ച നടത്താനും കേന്ദ്രത്തിന് അനുവാദമുണ്ട്. രണ്ടാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.









0 comments