റെക്കോഡ് നേട്ടത്തിനരികെ ഹാരി കെയ്ൻ; നേഷൻസ് ലീഗിൽ നാളെ ഇംഗ്ലണ്ട് - ചെക്ക് റിപ്പബ്ലിക് പോരാട്ടം

Photo:Getty Images
ലണ്ടൻ : ചെക്ക് റിപ്പബ്ലിക്കിനെതിരെ ചൊവ്വാഴ്ച (നാളെ) നടക്കുന്ന നേഷൻസ് ലീഗ് മത്സരത്തിൽ ഇറങ്ങുന്നതോടെ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ദേശീയ ടീമിനായുള്ള മത്സരങ്ങളുടെ എണ്ണത്തിൽ റെക്കോഡിനൊപ്പമെത്തും. 125-ാം മത്സരത്തിനാണ് കെയ്ൻ ഇറങ്ങുന്നത്. മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടണിന്റെ റെക്കോഡിനൊപ്പമെത്തുകയാണ് ലക്ഷ്യം.
2015ൽ ലിത്വാനിയക്കെതിരെയായിരുന്നു കെയ്‌നിന്റെ അരങ്ങേറ്റം. പകരക്കാരനായി ഇറങ്ങി രണ്ട് മിനിറ്റിനകം ഗോൾ നേടിയ താരം പിന്നീട് ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമായി. 33കാരനായ കെയ്ൻ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്. ശനിയാഴ്ച ക്രൊയേഷ്യയെ 7–0ന് തകർത്ത മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ ദേശീയ ടീമിനായി കെയ്‌നിന്റെ ഗോൾനേട്ടം 89 ആയി.
കഴിഞ്ഞ 11 വർഷത്തിനിടെ ഇംഗ്ലണ്ടിന്റെ ഉയർച്ചകളിലും തിരിച്ചടികളിലും നിർണായക സാന്നിധ്യമായിരുന്നു ബയേൺ മ്യൂണിക് താരം. റോയ് ഹോഡ്ജ്സൺ, സാം അല്ലാർഡൈസ്, ഗാരത് സൗത്ത്ഗേറ്റ്, ലീ കാർസ്ലി, തോമസ് ട്യൂഷൽ എന്നിവരുടെ കീഴിലും കെയ്ൻ കളിച്ചു.
എന്നാൽ 1966ലെ ലോകകപ്പിന് ശേഷം ഒരു പ്രധാന കിരീടത്തിനായുള്ള ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ കെയ്‌നിന്റെ മികവിനും കഴിഞ്ഞിട്ടില്ല. 2021ലും 2024ലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടു.
കെയ്‌നിനൊപ്പം ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കാളിയാകുന്നത് ജൂഡ് ബെല്ലിങ്ഹാമാണ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമായി തിളങ്ങിയ ബെല്ലിങ്ഹാമിന്റെ പ്രകടനം സഹതാരങ്ങളിൽനിന്നും മുൻ താരങ്ങളിൽനിന്നും വലിയ പ്രശംസ നേടി.
2025 ഒക്ടോബറിൽ ഇംഗ്ലണ്ട് ടീമിൽനിന്ന് പുറത്തായതോടെ ലോകകപ്പ് നഷ്ടമാകുമെന്ന സാഹചര്യമുണ്ടായിരുന്ന ബെല്ലിങ്ഹാം പിന്നീട് ടീമിൽ തിരിച്ചെത്തി. ലോകകപ്പിൽ കെയ്‌നേക്കാൾ കൂടുതൽ ഗോളുകൾ നേടിയതും ബെല്ലിങ്ഹാമായിരുന്നു. സെമിഫൈനലിൽ അർജന്റീനയോട് തോറ്റാണ് ഇംഗ്ലണ്ട് പുറത്തായത്.
ക്രൊയേഷ്യക്കെതിരായ ബെല്ലിങ്ഹാമിന്റെ പ്രകടനത്തെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോയ് കീൻ പ്രശംസിച്ചു. എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാകാൻ ബെല്ലിങ്ഹാമിന് കഴിയുമെന്നാണ് കീൻ പറഞ്ഞത്.








0 comments