Deshabhimani

നിരക്ക്‌ പട്ടികയിൽ; വാങ്ങുന്നത്‌ തീവില

PRICE LIST

ഏകീകൃത വിലവിവരപ്പട്ടിക

വെബ് ഡെസ്ക്

Published on Nov 22, 2026, 01:18 AM | 1 min read

കോട്ടയം

ഇതരസംസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ എത്തുന്ന ശബരിമല തീർഥാടകരിൽനിന്ന്‌ ഭക്ഷണത്തിന്‌ ഇ‍ൗടാക്കുന്നത്‌ തോന്നിയ വില. മണ്ഡല–മകരവിളക്ക് കാലത്ത് കലക്ടർ നിശ്‌ചയിച്ച ഏകീകൃത നിരക്ക്‌ കാറ്റിൽപ്പറത്തിയാണ്‌ ഹോട്ടലുടമകളുടെ കൊള്ള. ഇടത്താവളങ്ങളിലെയും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്നയിടങ്ങളിലേയും ഹോട്ടലുകളിലെ സസ്യാഹാരത്തിന്റെ വില നിശ്ചയിച്ച് പട്ടിക പുറത്തിറക്കിയിരുന്നു. തിരുനക്കര, ഏറ്റുമാനൂർ, എരുമേലി, വൈക്കം, കടപ്പാട്ടൂർ തുടങ്ങിയ ഇടത്താവളങ്ങളിലെയും കോട്ടയം റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരങ്ങളിലെയും ഹോട്ടലുകൾക്കും തട്ടുകടകൾക്കും നിരക്കുകൾ ബാധകമാണ്. കുത്തരി, ആന്ധ്ര ഊണിന്‌ 75 രൂപയാണ് നിരക്ക്. കഞ്ഞിക്ക് 38, പൊറോട്ട 13, ചായ 12, കാപ്പി 14 രൂപയുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്. കോട്ടയം റെയിൽവേ സ്‌റ്റേഷന്‌ എതിർവശത്തെ പ്രധാന സസ്യാഹാര ഹോട്ടലിൽ 12 രൂപയുടെ ചായക്ക്‌ 21 രൂപയാണ്‌ വാങ്ങുന്നത്‌. നിശ്‌ചയിച്ച നിരക്കിൽ ഉ‍ൗണ്‌ ഉൾപ്പെടെ ഒന്നും നൽകുന്നില്ല. മസാല ദോശയ്‌ക്ക്‌ 80 രൂപ മുതൽ 100 രൂപ വരെയാണ്‌ ഹോട്ടലുകളിൽ. 75 രൂപയുടെ ഉ‍ൗണിന്‌ 90 മുതൽ 120 രൂപവരെ നൽകണം. ചെറുകടികൾക്കും കറികൾക്കും പാനീയങ്ങൾക്കും ഓരോയിടത്തും വ്യത്യസ്‌ത നിരക്കാണ്‌. ഭക്ഷണസാധനങ്ങൾ നൽകേണ്ട അളവും നിശ്‌ചയിച്ചിട്ടുണ്ട്‌. മണ്ഡലകാലം കഴിയുന്നതുവരെ ഏകീകൃത നിരക്ക്‌ ബാധകമാണ്‌. ​

പട്ടികയുണ്ട്‌, സീറ്റിന്‌ പിന്നിൽ..!

കലക്ടറും ജില്ലാ സപ്ലൈ ഓഫീസറും ലീഗൽ മെട്രോളജി ഓഫീസറും തയ്യാറാക്കിയ വില നിലവാരപ്പട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നാണ്‌ നിയമം. കോട്ടയം റെയിൽവേ സ്‌റ്റേഷന്‌ സമീപത്തെ ഹോട്ടലിൽ കാഷ്യറിന്റെ സീറ്റിന്‌ പിന്നിൽ ആരും കാണാത്തവിധമാണ്‌ പട്ടിക ഒട്ടിച്ചിരിക്കുന്നത്‌. ആളുകൾ കാണത്തക്കവിധം പട്ടിക പതിക്കണം. ഇത്‌ പാലിക്കുന്നുണ്ടോയെന്നും അമിതവില ഇ‍ൗടാക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നില്ല. ​

പരാതി നൽകാം

അമിതവില ഇ‍ൗടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തീർഥാടകർക്ക്‌ പരാതി നൽകാം. ജില്ലാ സിവിൽ സപ്ലൈ ഓഫീസ്:- 0481 2560371, ഭക്ഷ്യസുരക്ഷ ഓഫീസ്: - 0481 2564677, ലീഗൽ മെട്രോളജി ഓഫീസ്:- 0481 2582998.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home