ചാലാക്ക സ്ലൂയിസ് ബ്രിഡ്ജ് ആറാട്ടുകടവ് റോഡിന്റെ ഉദ്ഘാടനം
ചടങ്ങിൽ ഫണ്ട് അനുവദിച്ച പി രാജീവില്ല; പ്രതിഷേധവുമായി സിപിഐ എം

നെടുമ്പാശേരി
കുന്നുകര പഞ്ചായത്തിലെ 14–-ാം വാർഡ് ചെറിയതേക്കാനത്ത് 45 ലക്ഷം രൂപ ചെലവിൽ നവീകരണം പൂർത്തീകരിച്ച ചാലാക്ക സ്ലൂയിസ് ബ്രിഡ്ജ് ആറാട്ടുകടവ് റോഡിന്റെ ഉദ്ഘാടനചടങ്ങിൽ പദ്ധതിക്ക് ഫണ്ട് അനുവദിച്ച മുൻമന്ത്രിയും എംഎൽഎയുമായിരുന്ന പി രാജീവിനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി സിപിഐ എം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ 2024–25 വർഷത്തെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതി പ്രകാരമാണ് പി രാജീവ് ഇടപെട്ട് 45 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്.
നവീകരണം ശനിയാഴ്ച പൂർത്തിയാക്കിയശേഷം ഞായറാഴ്ച ഉദ്ഘാടനം നടത്താൻ അതിവേഗം തീരുമാനിക്കുകയായിരുന്നു. ഉദ്ഘാടനചടങ്ങിൽനിന്നാണ് പി രാജീവിനെ ഒഴിവാക്കിയത്. അവസാനനിമിഷമാണ് എൽഡിഎഫിലെ പാറക്കടവ് ബ്ലോക്ക് കുറിപ്പുഴ ഡിവിഷൻ അംഗത്തെ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ചെറിയതോതിൽ വെള്ളം പൊങ്ങിയാൽപോലും ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു റോഡിന്റെ അവസ്ഥ. പ്രദേശവാസികൾ പി രാജീവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് റോഡ് ഉയരംകൂട്ടി ടൈൽ വിരിക്കാൻ ഫണ്ട് അനുവദിച്ചത്.
യുഡിഎഫ് സർക്കാർ വന്നശേഷം സർക്കാർ ഫണ്ട് ഉപയോഗിച്ചോ, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചോ ഒരു വികസനപ്രവർത്തനംപോലും പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ കുന്നുകര പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. പി രാജീവിനെ ചടങ്ങിൽനിന്ന് ഒഴിവാക്കിയത് രാഷ്ട്രീയവിരോധത്താലാണെന്ന് സിപിഐ എം ആരോപിച്ചു. തെറ്റായ തീരുമാനത്തിൽനിന്ന് ഭരണസമിതി പിൻമാറണമെന്ന് സിപിഐ എം കുന്നുകര ലോക്കൽ സെക്രട്ടറി വി കെ അനിൽ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ അന്നത്തെ എംഎൽഎയും മന്ത്രിയുമായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞിനെ വിവിധ ചടങ്ങുകളിൽ ക്ഷണിച്ച കാര്യവും സിപിഐ എം ഓർമിപ്പിച്ചു.








0 comments