കാറഡുക്ക നാർളം ബോക്സൈറ്റ് ഖനനം
ഭീഷണിയിലായി നൂറ് വീടുകളും കൃഷിഭൂമിയും

രജിത് കാടകം
Published on Nov 22, 2026, 01:30 AM | 2 min read
മുള്ളേരിയ
കാറഡുക്ക നാർളത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ബോക്സൈറ്റ് ഖനനത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു. വനഭൂമിയുൾപ്പെടെ 82.15 ഹെക്ടർ പ്രദേശമാണ് ഇ- ലേലത്തിലൂടെ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാനത്ത് ആദ്യമായാണ് വൻതോതിലുള്ള ധാതുഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകുന്നത്. പദ്ധതി നടപ്പായാൽ പ്രദേശത്തെ നൂറോളം വീടുകളുടെ നിലനിൽപ്പിന് ഭീഷണിയാകും. വനഭൂമിയും ജനവാസകേന്ദ്രവും ഇടകലർന്നതാണ് പദ്ധതിപ്രദേശം. ഖനനമേഖലയുടെ 90 ശതമാനവും വനഭൂമിയാണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ഇതിന് ചുറ്റും ജനവാസകേന്ദ്രങ്ങളാണ്. ഒക്ടോബർ 16-ന് നടന്ന ഇ- ലേലത്തിൽ നാല് കരാറുകാർ പങ്കെടുത്തതിൽ സി കെ രാജേഷ് ഖനനാനുമതി നേടി. 374 കോടി രൂപ മൂല്യം കണക്കാക്കുന്ന ആദ്യഘട്ട ബ്ലോക്കിൽ അന്തിമവിലയുടെ 52.47 ശതമാനം വാഗ്ദാനംചെയ്താണ് കരാർ ഉറപ്പിച്ചത്. രാജ്യത്തുതന്നെ ഉയർന്ന അലുമിനിയം സാന്നിധ്യമുള്ള ബോക്സൈറ്റ് ശേഖരമാണ് നാർളത്തുള്ളതെന്നാണ് സർവേ റിപ്പോർട്ട്. എന്നാൽ, പരിസ്ഥിതി ആഘാത പഠനമോ പ്രദേശവാസികളുമായി ചർച്ചയോ നടത്താതെയാണ് നടപടികൾ പൂർത്തിയാക്കിയതെന്നാണ് പ്രധാന ആക്ഷേപം. ഫേസ് വൺ എന്നാണു ഇ- ലേല ഉത്തരവിൽ പറയുന്നത്. 5000 കോടിയുടെ നിക്ഷേപമുണ്ടെന്നായിരുന്നു സർവേ നടപടികൾ നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ പ്രതികരണം. ആദ്യ ലേലം പ്രകാരം ഏത് പ്രദേശത്ത് എത്ര സ്ഥലത്ത് ഖനനം എന്നതിനെപ്പറ്റി വ്യക്തമായ പരാമർശങ്ങളില്ല.
റോഡ് പോകും, വെള്ളം മുട്ടും, പൊടിപടലം രൂക്ഷമാകും
ഖനനത്തിനായി അടയാളപ്പെടുത്തിയ പ്രദേശത്തോട് ചേർന്ന് നൂറോളം വീടുകളുണ്ട്. പദ്ധതി നടപ്പായാൽ കുണ്ടടുക്കം ഭാഗത്തെ 13 കുടുംബങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകും. കൊട്ടംകുഴി സ്കൂൾ, പട്ടികവർഗ ഉന്നതി, കുണ്ടടുക്കം–പതിമൂന്നാംമൈൽ, കൊട്ടംകുഴി–സുബ്രഹ്മണ്യ അമ്പലം, അരയാലിങ്കാൽ റോഡുകൾ എന്നിവയും ഖനനപരിധിയിൽ വരുന്നതോടെ പ്രദേശത്തെ യാത്രാസൗകര്യങ്ങൾ തടസ്സപ്പെടും. തുറന്ന ഖനനവും (ഓപ്പൺ കാസ്റ്റ്) രാസപ്രക്രിയകളും കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സുകളെ ബാധിക്കുമെന്നും വായു–മണ്ണ് മലിനീകരണത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്. കുന്നിൻമുകളിലെ ബോക്സൈറ്റ് അടരുകളും ലാറ്ററൈറ്റ് മേൽത്തട്ട് പാറകളും പ്രദേശത്തെ സ്വാഭാവിക ഭൂഗർഭ ജലസംഭരണികളാണെന്ന് ജിയോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഇവ നീക്കം ചെയ്യുന്നത് ഹൈഡ്രോളജിക്കൽ ഘടനയെ തകരാറിലാക്കുകയും മണ്ണൊലിപ്പിനും ഭൂഗർഭ ജലവിതാനം താഴുന്നതിനും കാരണമാകുമെന്നുമാണ് വിദഗ്ധ വിലയിരുത്തൽ.
എല്ലാം രഹസ്യം
ഇ -ലേല നടപടികൾ പൂർത്തിയായതോടെ തുടർന്നുള്ള അനുമതികൾക്കായുള്ള ഫയൽ നീക്കങ്ങൾ അതീവ രഹസ്യമായാണ് നടക്കുന്നത്. പ്രദേശവാസികളുമായോ ജനപ്രതിനിധികളുമായോ ഒരുതരത്തിലുള്ള ആശയവിനിമയം നടത്താൻ വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. മുൻപ് സർവേ നടപടികളും മണ്ണ് തുരന്നുള്ള പരിശോധനയും രഹസ്യമായിട്ടാണ് പൂർത്തിയാക്കിയത്.
പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണം
പരിസ്ഥിതി പഠനം നടത്താതെയും വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാതെയുമാണ് ഉദ്യോഗസ്ഥർ ഖനനത്തിന് ഒത്താശ ചെയ്യുന്നത്. ജനജീവിതം തകർക്കുന്ന പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറുന്നതുവരെ യുവജനങ്ങളെയും പ്രദേശവാസികളെയും അണിനിരത്തി സമരം തുടരും. - നിഖിൽ കാടകം (സെക്രട്ടറി, ഡിവൈഎഫ്ഐ കാടകം മേഖലാ കമ്മിറ്റി).
ശക്തമായ പ്രതിരോധം തീർക്കും
തദ്ദേശസ്ഥാപനത്തെയോ ജനങ്ങളെയോ അറിയിക്കാതെ ഏകപക്ഷീയമായാണ് ഖനന നീക്കം നടത്തുന്നത്. നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളവും കൃഷിയും ഇല്ലാതാക്കുന്ന പദ്ധതി അംഗീകരിക്കാനാകില്ല. ഖനനത്തിനെതിരെ പഞ്ചായത്ത് തലത്തിലും ജനകീയമായും ശക്തമായ പ്രതിരോധം തീർക്കും. സി കെ വിജയകുമാർ (കാറഡുക്ക പഞ്ചായത്തംഗം).








0 comments