print edition ഹുദെയ്ദ തുറമുഖത്ത് സൗദി ആക്രമണം; സൗദി തുറമുഖങ്ങൾ ഒഴിയാന്‍ ഹൂതികളുടെ മുന്നറിയിപ്പ്

Screengrab
അനസ് യാസിന്‍
Published on Nov 22, 2026, 01:35 AM | 1 min read
മനാമ: യമനിലെ ചെങ്കടല്‍ തീരത്തുള്ള ഹുദെയ്ദ തുറമുഖത്ത് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ കനത്ത വ്യോമാക്രമണം. ആയുധക്കടത്തിനും ബാലിസ്റ്റിക് മിസൈലുകളുടെ നീക്കത്തിനും ഉപയോഗിച്ചിരുന്ന സൈനിക ശേഷികളാണ് തകര്‍ത്തതെന്ന് സഖ്യസേന അവകാശപ്പെട്ടു. സൗദിയുടെ വ്യോമപാതയും തുറമുഖങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പിന്നാലെ മുന്നറിയിപ്പ് നല്‍കി. അതേസമയം, റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ശനി പുലര്‍ച്ചെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി സൗദി അറിയിച്ചു.
സൗദിയുടെ ആകാശത്തുനിന്നും തുറമുഖങ്ങളില്‍നിന്നും അന്താരാഷ്ട്ര വിമാനക്കമ്പനികളും കപ്പല്‍ കമ്പനികളും ഉടന്‍ പിന്മാറണമെന്നും ഹൂതികൾ മുന്നറിയിപ്പ് നല്‍കി.
ശനി പുലര്‍ച്ചെ രണ്ടോടെ റിയാദിനുനേരെയുണ്ടായ മിസൈല്‍ ആക്രമണശ്രമമാണ് സൗദി പരാജയപ്പെടുത്തിയത്. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
യമനില്‍ സന, സഅദ, തായിസ് എന്നിവിടങ്ങളിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സഖ്യസേന ആക്രമണം തുടരുകയാണ്. സഖ്യസേനയുടെ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 41 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊഖയിലെ വൈദ്യുതി നിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു.







0 comments