print edition സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിൽ നീതി ഉറപ്പാക്കുക; ഐഎഫ്‌എഫ്‌ഐയിൽ വിദ്യാർഥി പ്രതിഷേധം

ഐഎഫ്എഫ്ഐ വേദിക്കുമുന്നിൽ പ്രതിഷേധിക്കുന്ന ചലച്ചിത്ര വിദ്യാർഥികൾ
പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) വേദിക്കരികെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) വിദ്യാർഥികളുടെ പ്രതിഷേധം. സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ക്യാമ്പസിൽ നടത്തുന്ന അനശ്ചിതകാല സമരം കണ്ടില്ലെന്ന് നടിക്കുന്ന ചെയർമാൻ സുരേഷ് ഗോപിയ്‌ക്കെതിരെയും പ്രതിഷേധം അടിച്ചമർത്തുന്ന വൈസ് ചാൻസലർ സന്തോഷ് അജ്മേറയ്ക്കെതിരെയും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴങ്ങി.
പൊലീസ് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തുകയും പ്ലക്കാർഡുകൾ പിടിച്ചുവാങ്ങുകയുംചെയ്തു. ‘സിനിമ കേവലം ഉപഭോഗവസ്തുവല്ല. അധികാരവും അധ്വാനവും ചെറുത്തുനിൽപ്പും ചേർന്ന രാഷ്ട്രീയ പ്രവർത്തനമാണ്. ഭീഷണിപ്പെടുത്തി സമരത്തെ മറച്ചുവയ്ക്കാൻ കഴിയില്ല’ – വിദ്യാർഥി യൂണിയൻ പ്രസ്താവനയില്‍ പറഞ്ഞു.
ആർഎസ്‌എസ് സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സെപ്‌തംബർ 27ന് കാമ്പസ് ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികളെയും അധ്യാപകരെയും തല്ലിച്ചതയ്‌ക്കുകയും ചെയ്‌തിരുന്നു. ആക്രമണത്തിൽ രണ്ട് അധ്യാപകർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഒക്‌ടോബർ നാലിന് ആക്രോശവുമായെത്തിയ ബംഗിയ ഹിന്ദു ജാഗരണ്‍ മഞ്ചുകാർ പ്രധാന കവാടത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചിരുന്നു. ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ച സംഘം ക്യാമ്പസിനകത്തേക്ക് കല്ലുകളും കുപ്പികളും എറിയുകയുണ്ടായി. സെപ്‌തംബർ 28 മുതൽ വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചുവരികയാണ്.









0 comments