ലോകകപ്പ് വേദിയിൽ ഹെയ്തിയെ കാത്തിരിക്കുന്നത് ഒഴിഞ്ഞ ഗാലറിയോ? ടിക്കറ്റ് നിരക്കിൽ നടുങ്ങി ആരാധകർ

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയ പശ്ചാത്തലത്തിൽ, ഹെയ്തി ദേശീയ ടീം കളിക്കാരുടെയും ആരാധകരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു കൊളാഷ്|Photo Collage|The Haitian Times
ബോസ്റ്റൺ: നീണ്ട 52 വർഷത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ രാജ്യം ലോകകപ്പ് ഫുട്ബോളിന്റെ വലിയ വേദിയിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് അമേരിക്കയിലെ ഹെയ്തി പ്രവാസി സമൂഹം.
എന്നാൽ അമിതമായ ടിക്കറ്റ് നിരക്കും വലിയ യാത്രാച്ചെലവുകളും നിലവിലുള്ള യാത്രാവിലക്കും കാരണം സ്വന്തം ടീമിന്റെ ചരിത്രപരമായ മത്സരങ്ങൾ നേരിട്ട് കാണാൻ കഴിയാത്ത കടുത്ത നിരാശയിലാണ് ഭൂരിഭാഗം ആരാധകരും.
2026 ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ഹെയ്തി മത്സരിക്കുന്നത്. ജൂൺ 13-ന് ബോസ്റ്റണിനടുത്തുള്ള ഫോക്സ്ബറോയിൽ സ്കോട്ട്‌ലൻഡിനെതിരെയാണ് ഹെയ്തിയുടെ ആദ്യ ലോകകപ്പ് പോരാട്ടം. തുടർന്ന് ജൂൺ 19-ന് ഫിലാഡൽഫിയയിൽ കരുത്തരായ ബ്രസീലിനെയും ജൂൺ 24-ന് അറ്റ്ലാന്റയിൽ മൊറോക്കോയെയും അവർ നേരിടും.
1974-ന് ശേഷം ആദ്യമായി ലഭിച്ച ഈ ലോകകപ്പ് യോഗ്യത വലിയൊരു ആഘോഷമാക്കാൻ യുഎസിലെ ഹെയ്തി സമൂഹം ആഗ്രഹിച്ചെങ്കിലും ടിക്കറ്റ് കൊള്ള ഇവരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുകയായിരുന്നു.
നിലവിൽ ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കോട്ട്‌ലൻഡിനെതിരെയുള്ള മത്സരത്തിന്റെ ഒരു ടിക്കറ്റിന് 2,100 യുഎസ് ഡോളറാണ് (ഏകദേശം 2 ലക്ഷത്തിലധികം രൂപ) വില രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമെ സ്റ്റേഡിയത്തിലെ കാർ പാർക്കിംഗിനായി 150 ഡോളറും ബോസ്റ്റണിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കായി 80 ഡോളറും അധികമായി ചിലവഴിക്കണം.
സാധാരണക്കാരായ പ്രവാസികളുടെ ബജറ്റിനേക്കാൾ നാലിരട്ടിയിലധികമാണ് ഈ തുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിൽ ഏറ്റവും കൂടുതൽ ഹെയ്തി വംശജർ താമസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മസാച്യുസെറ്റ്സ്. ഇവിടെ മാത്രം ഏകദേശം 87,000 ഹെയ്തിക്കാരുണ്ടെന്നാണ് സർക്കാർ കണക്ക്.
പ്രവാസി സമൂഹത്തിന് കുറഞ്ഞ നിരക്കിലോ സൗജന്യമായോ കമ്മ്യൂണിറ്റി ടിക്കറ്റുകൾ ലഭ്യമാക്കാൻ ബോസ്റ്റൺ സിറ്റി കൗൺസിലർ റുത്‌സി ലൂയിഷെൻ ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമുണ്ടായില്ല.
സ്വന്തം നാട്ടിലെ ഹെയ്തി സമൂഹത്തിന് ടിക്കറ്റ് താങ്ങാൻ കഴിയാത്ത സാഹചര്യം തിരുത്തപ്പെടേണ്ടതാണെന്ന് യുഎസ് സെനറ്റർ എഡ്വേർഡ് ജെ മാർക്കിയും വ്യക്തമാക്കി.
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ കർശനമായ യാത്രാവിലക്ക് കാരണം ഹെയ്തിയിൽ നിന്നുള്ള ആരാധകർക്ക് ലോകകപ്പ് കാണാൻ യുഎസിലേക്ക് എത്താൻ സാധിക്കില്ല.
ഇത് യുഎസിലുള്ള ഹെയ്തി പ്രവാസികളുടെ പങ്കാളിത്തം ടീമിന് കൂടുതൽ അനിവാര്യമാക്കുന്നു. സ്പോൺസർഷിപ്പുകൾ വഴിയോ മറ്റോ ടിക്കറ്റുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക സംഘടനകൾ.
അതേസമയം, ഹെയ്തിയുടെ മുൻനിര ഫോർവേഡും മുൻപ് ബോസ്റ്റണിൽ പ്രാദേശികമായി കളിക്കുകയും ചെയ്തിരുന്ന ഫ്രാന്റ്സ്ഡി പിയറോട്ടിനായി മേയ് 27 ന് ബോസ്റ്റണിൽ ആരാധകർ സൗജന്യ പൊതു സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്.










0 comments