print edition സുവർണനിര = 0 ട്രോഫി

ന്യൂയോർക്ക്: 2014 മുതൽ ബൽജിയം സ്വപ്‌നം കാണാൻ തുടങ്ങിയതാണ്. കെവിൻ ഡി ബ്രയ്‌ൻ, റൊമേലു ലുക്കാക്കു, തിബൗ കുർട്ടോ, അക്‌സൽ വിറ്റ്‌സൻ, ഏദൻ ഹസാർഡ്, വിൻസന്റ് കൊന്പനി എന്നിവർ ഒന്നിച്ച് അണിനിരക്കുന്പോൾ ലോകകപ്പും യൂറോകപ്പും ശേഖരത്തിലെത്തുമെന്ന് ബൽജിയം കരുതി. എന്നാൽ 2018 ലോകകപ്പിലെ മൂന്നാംസ്ഥാനത്തിലൊതുങ്ങി നേട്ടം. ഇത്തവണ ക്വാർട്ടറിൽ സ്‌പെയ്‌നിന് മുന്നിൽ വീണു. 2015 നവംബറിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തിയത് മാത്രമാണ് ആശ്വാസം.
ഇനിയൊരു ലോകകപ്പിൽ സുവർണ തലമുറയിലെ താരങ്ങളെ ബൽജിയം നിരയിൽ കാണാനിടയില്ല. ഹസാർഡും കൊന്പനിയും നേരത്തെ വിരമിച്ചു. ഡി ബ്രയ്‌ന് വയസ്സ് 35. ലുക്കാകു (33), കുർട്ടോ (34) അക്‌സൽ വിറ്റ്‌സൻ (37) എന്നിവരെല്ലാം കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ഒരു വർഷം രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് ഇടവേളയെടുക്കുമെന്ന് റയൽ മാഡ്രിഡിന്റെ കാവൽക്കാരനായ കുർട്ടോ പ്രഖ്യാപിച്ചു.
യൂറോകപ്പ് യോഗ്യതാ മത്സരങ്ങളിൽ തിരിച്ചെത്തുമെന്നും താരം പറഞ്ഞു. ഇറ്റാലിയൻ ക്ലബ്ബ് നാപോളിയ്‌ക്കായി പന്ത് തട്ടുന്ന ഡി ബ്രയ്‌ൻ പഴയ ഫോമിന്റെ നിഴൽ മാത്രമാണ്. ഇത്തവണ ലോകകപ്പിലും മങ്ങിയതോടെ പലപ്പോഴും ബെഞ്ചിലായിരുന്നു സ്ഥാനം. പരിക്ക് വേട്ടയാടുന്ന സൂപ്പർ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന് ലോകകപ്പിൽ പകരക്കാരന്റെ റോളായിരുന്നു. മൂന്ന് ഗോൾ നേടിയെങ്കിലും പഴയ മൂർച്ചയില്ല. 93 ഗോളുമായി ബൽജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്.











0 comments