print edition ജയിച്ചുകയറി ഗോകുലം

ഐസ്വാളിനെതിരെ ഗോൾ നേടിയ ഗോകുലത്തിന്റെ രാഹുൽ രാജു(ഇടത്ത്) സഹതാരങ്ങൾക്കൊപ്പം
മലപ്പുറം: ഇന്ത്യൻ ഫുട്ബോൾ ലീഗിൽ ഗോകുലം കേരളക്ക് തകർപ്പൻ ജയം. ഐസ്വാൾ എഫ്‌സിയെ 4–2ന് കീഴടക്കി. സീസണിലെ രണ്ടാം ജയമാണ്. എട്ട് പോയിന്റുമായി നാലാംസ്ഥാനത്തേക്ക് കുതിച്ചു. ആദ്യ നാല് മിനിറ്റിൽ രണ്ട് ഗോളടിച്ച് ആധിപത്യം നേടിയ ഗോകുലത്തെ പിടിച്ചുകെട്ടാൻ വൈകി. അവസാന മൂന്ന് മിനിറ്റിൽ രണ്ട് ഗോൾ നേടി ഐസ്വാൾ വിറപ്പിച്ചു.
ക്യാപ്‌റ്റൻ രാഹുൽ രാജു രണ്ടാം മിനിറ്റിലും പരിക്ക്‌സമയത്തും ലക്ഷ്യം കണ്ടു. ത്രിജോയ് സാവിയോ ഡയസും താബിസോ നെൽസൺ ബ്രൗണും പട്ടിക പൂർത്തിയാക്കി. മാൽസംസുവാലയും സോമുആങ്സാങ്കയും പരാജയഭാരം കുറച്ചു.
ഗോകുലം തുടക്കംമുതൽ നടത്തിയത് മിന്നലാക്രമണമായിരുന്നു. ത്രിജോയിയുടെ പാസിൽ രാഹുൽ ആദ്യ വെടിപൊട്ടിച്ചു. അടുത്ത ഉൗഴം ത്രിജോയിയുടേതായിരുന്നു. ക്യാപ്‌റ്റൻ പന്ത് കൈമാറി. 32-–ാം മിനിറ്റിൽ വിദേശ താരം താബിസോ ബ്രൗൺ ഹെഡ്ഡറിലൂടെ ലീഡുയർത്തി.
രണ്ടാം പകുതിയിൽ ഗോൾ നിറക്കാനുള്ള നീക്കങ്ങൾ ഐസ്വാൾ പ്രതിരോധം തടഞ്ഞു.
മറുഭാഗത്ത് ആശ്വാസഗോളിനായുള്ള സമ്മർദം ശക്തമാക്കുകയും ചെയ്‌തു. മാൽസംസുവാലയുടെ ഗോൾ ഗോകുലം ഗോളിയുടെ പിഴവിൽനിന്നായിരുന്നു. പ്രതിരോധപ്പിഴവിൽ സോമുആങ്സാങ്ക ഐസ്വാളിന്റെ രണ്ടാം ഗോൾ കണ്ടെത്തി. പരിഭ്രാന്തരായ ഗോകുലം പ്രതിരോധം ഉലയവേ പരിക്ക്‌സമയത്ത് ക്യാപ്‌റ്റൻ രാഹുൽ നേടിയ ഗോൾ വിജയമുറപ്പിച്ചു.
പരിക്ക്‌സമയത്തിന്റെ ഏഴാം മിനിറ്റിലാണ് നാലാംഗോൾ.
ഗോകുലത്തിന്റെ അടുത്ത മൂന്ന് കളിയും എതിരാളിയുടെ തട്ടകത്തിലാണ്.
ഏപ്രിൽ ഏഴിന് രാജസ്ഥാൻ എഫ് സിയെ നേരിടും. ലീഗ് ഘട്ടത്തിന് ശേഷമുള്ള സ്ഥാനം അനുസരിച്ചാവും സൂപ്പർ സിക്‌സിനുള്ള സാധ്യത. അതിനാൽ മൂന്നു മത്സരങ്ങളും ടീമിന് നിർണായകമാണ്.










0 comments