ad
Deshabhimani

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; 8 മരണം

plane crash

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 16, 2026, 07:12 AM | 2 min read

കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിലെ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിൽ നിന്നും പറന്നുയർന്ന ഉടനെ അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണ് എട്ട് പേർ കൊല്ലപ്പെട്ടു.


തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11:20 ഓടെ (ജി.എം.ടി 19:20) ഒരു പതിവ് പരീക്ഷണ ദൗത്യത്തിനിടെയായിരുന്നു അപകടം. വിമാനം തകർന്നുവീണതിനെ തുടർന്ന് മൈലുകളോളം അകലെ നിന്ന് കാണാൻ കഴിയുന്ന രീതിയിൽ വലിയ തോതിൽ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നതായി അധികൃതർ വ്യക്തമാക്കി.


കൊല്ലപ്പെട്ട എട്ട് പേരും അമേരിക്കൻ പൗരന്മാരായിരുന്നുവെന്നും സൈനികരും സർക്കാർ ഉദ്യോഗസ്ഥരും കരാർ ജീവനക്കാരും അടങ്ങുന്നതായിരുന്നു വിമാനത്തിലുണ്ടായിരുന്ന സംഘമെന്നും ബേസ് കമാൻഡർ കേണൽ ജെയിംസ് ഹെയ്സ് മാധ്യമങ്ങളോട് പറഞ്ഞു.


അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എയർഫോഴ്സ് ബേസ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചുവരികയാണെന്നും അതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞ് ഇവരുടെ പേരുകൾ പുറത്തുവിടുമെന്നും ഹെയ്സ് അറിയിച്ചു.


റൺവേയിൽ വെച്ച് തകർന്നുവീണു; വിമാനത്താവളം അടച്ചു


എഡ്വേർഡ്സ് എയർഫോഴ്സ് ബേസിലെ റൺവേയ്ക്കുള്ളിൽ തന്നെയാണ് വിമാനം തകർന്നുവീണത്. റഡാർ ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന വിമാനം പറന്നുയർന്ന ഉടൻ തന്നെ തീപിടിച്ച് തകരുകയായിരുന്നു.


അപകടത്തിന്റെ ആദ്യ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇതൊരു 'തിരിച്ചുപിടിക്കാനാകാത്തതും ആർക്കും രക്ഷപ്പെടാൻ സാധിക്കാത്തതുമായ' അപകടമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് ഹെയ്സ് കൂട്ടിച്ചേർത്തു.


അപകടത്തെ തുടർന്ന് എഡ്വേർഡ്സ് ബേസ് താൽക്കാലികമായി തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുകയും റൺവേ അടയ്ക്കുകയും ചെയ്തു. ഇവിടേക്ക് വരേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.


അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിനായി സന്ദർശകർക്കുള്ള പാസുകളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ 30 ദിവസത്തോളം നീളുന്ന പ്രാഥമിക അന്വേഷണ പരമ്പരകൾ ആവശ്യമാണെന്നും സമഗ്രമായ വിശകലനത്തിന് ആറ് മാസത്തിലധികം എടുത്തേക്കുമെന്നും അധികൃതർ അറിയിച്ചു.


അതിശക്തമായ യുദ്ധവിമാനം ബി-52


1950കൾ മുതൽ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ഭീമാകാരമായ ദീർഘദൂര സ്ട്രാറ്റജിക് ബോംബർ വിമാനമാണ് ബോയിംഗ് ബി-52 സ്ട്രാറ്റോഫോർട്രെസ്. വാണിജ്യ വിമാനങ്ങൾ പറക്കുന്നതിനേക്കാൾ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് ഒരേസമയം നൂറുകണക്കിന് സാധാരണ ബോംബുകളും 32 ആണവ ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ 70,000 പൗണ്ട് സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുണ്ട്.


അന്തരീക്ഷത്തിൽ വെച്ച് തന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുമെന്നതിനാൽ ഇതിന് ലോകത്ത് എവിടെയും ആക്രമണം നടത്താനാകും. സാധാരണയായി അഞ്ച് പേരാണ് (എയർക്രാഫ്റ്റ് കമാൻഡർ, പൈലറ്റ്, റഡാർ നാവിഗേറ്റർ, നാവിഗേറ്റർ, ഇലക്ട്രോണിക് വാർഫെയർ ഓഫീസർ) ഈ വിമാനത്തിൽ ഉണ്ടാകാറുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home