print edition ബൽജിയം രക്ഷപ്പെട്ടു

സിയാറ്റിൽ: ഇൗജിപ്‌തിന്റെ പിഴവുഗോളിൽ ബൽജിയം സമനിലയുമായി രക്ഷപ്പെട്ടു (1–1). ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് എഫിൽ പിന്നിട്ടുനിന്നശേഷമാണ് ബൽജിയം സമനില നേടിയത്. ഇമാം അഷൗർ ഇൗജിപ്‌തിനായി ഗോൾ നേടി. ഇൗജിപ്‌ത് പ്രതിരോധക്കാരൻ മുഹമ്മദ് ഹാനിയുടെ പിഴവുഗോളിലാണ് ബൽജിയം ഒപ്പമെത്തിയത്.
ബൽജിയത്തെ ഞെട്ടിച്ചാണ് പത്തൊന്പതാം മിനിറ്റിൽ ഇമാം അഷൗർ ഇൗജിപ്‌തിനെ മുന്നിലെത്തിച്ചത്. വലതുഭാഗത്തുനിന്ന് മുഹമ്മദ് സലാ പാസ് നൽകുന്പോൾ ബോക്‌സിനുമുന്നിൽ തടയാൻ ആരുമുണ്ടായില്ല. ഓടിയെത്തിയ അഷൗർ പ്രതിരോധക്കാർ കൂടിച്ചേരുംമുന്പ് അടിപായിച്ചു. ബൽജിയത്തിന്റെ വിഖ്യാത ഗോൾകീപ്പർ തിബൗ കുർടോവിന് ഒന്നും ചെയ്യാനായില്ല.
കളിയുടെ തുടക്കം മുതൽ ഇൗജിപ്‌ത് ആധിപത്യം കാട്ടി. ലീഡ് നേടിയശേഷം ആക്രമണം കടുപ്പിച്ചു. പ്രതിരോധത്തിലും തിളങ്ങി. ഇതിനിടെ അഷൗറിനും സലായ്‌ക്കും കിട്ടിയ അവസരം പാഴായി. ഇടവേളയ്‌ക്കുശേഷം ബൽജിയം കളിമാറ്റി. ഡി ബ്രയ്‌നിന്റെ ബോക്‌സിന് പുറത്തുനിന്നുള്ള അടി പോസ്‌റ്റിൽ തട്ടിത്തെറിച്ചു. യൂറി ടിയലെമെൻസിന്റെ ലോങ് റേഞ്ചർ നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. 66–ാം മിനിറ്റിൽ പകരക്കാരനായെത്തിയ ലുക്കാക്കു ബൽജിയത്തെ കാത്തു. രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ ഉൗർന്നിറങ്ങിയ ലുക്കാക്കുവിനെ ഇൗജിപ്‌ത് ഭയന്നു. മുന്നേറ്റക്കാരനെ തടയാനുള്ള ശ്രമത്തിനിടെ ഇൗജിപ്‌ത് പ്രതിരോധക്കാരൻ മൊഹ്‌മദ് ഹാനിയുടെ കാലിൽതട്ടി പന്ത് സ്വന്തം വലയിൽകയറി.









0 comments