2 പ്രതികളുടെ വിടുതൽഹർജി തള്ളി, കുറ്റപത്രം ജൂലൈ 6ന് വായിക്കും

കൊച്ചി
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെയും വിടുതൽഹർജി തള്ളി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തിങ്കളാഴ്‌ച, 13ഉം 16ഉം പ്രതികളായ സനീഷിന്റെയും സനിദിന്റെയും ഹർജികൾ തള്ളിയത്. ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ് കേസ് പരിഗണിക്കുന്നത്.കേസിലെ നാലുപ്രതികൾ സമാന ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കുറ്റപത്രം തിരിച്ചയക്കണമെന്ന ഒന്നാം പ്രതി മുഹമ്മദിന്റെ ഹർജിയും കോടതി നിരാകരിച്ചു. ജൂലൈ ആറിന് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാനും ഉത്തരവിട്ടു. അന്ന് എല്ലാ പ്രതികളും ഹാജരാകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. 16 പ്രതികളും അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരെ 2018 സെപ്തംബർ 26-നാണ് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.









0 comments