3121 പേര്‍ക്ക് വയറിളക്കരോഗം
പണിയായി പനി : ചികിത്സ തേടിയത് 12,475 പേർ


സ്വന്തം ലേഖകൻ
Published on Jun 16, 2026, 03:23 AM | 1 min read
കൊച്ചി
ജില്ലയിൽ എച്ച്1 എന്‍1, ഡെങ്കി തുടങ്ങി പകർച്ചവ്യാധികൾ പടരുന്നു. ഈ മാസം പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 12,475 ആയി. ജൂൺ പതിനഞ്ചിനാണ് കൂടുതൽപേർ ചികിത്സ തേടിയത് – 1318 പേർ. എച്ച്1 എൻ1 ബാധിച്ചോ ലക്ഷണങ്ങളുമായോ നിരവധിപേരാണ് ചികിത്സ തേടുന്നത്. എഴുപത്തേഴുകാരിയായ കുത്താപ്പാടി സ്വദേശി, എഴുപത്തഞ്ചുകാരനായ ഗോതുരുത്ത് സ്വദേശി, അറുപത്തൊന്നുകാരിയായ കടവന്ത്ര സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേര്‍ എന്നിവർ രോഗബാധയാൽ മരിച്ചു. എച്ച്1 എൻ1 ലക്ഷണവുമായി 85 വയസ്സുള്ള പെരുമ്പാവൂർ സ്വദേശിനി, 64 വയസ്സുള്ള കോതമംഗലം സ്വദേശിയും മരിച്ചു.
വെസ്റ്റ്നൈൽ പനിബാധിച്ച് നാൽപ്പത്താറുകാരിയായ പറവൂർ സ്വദേശി, എഴുപതുകാരനായ കടുങ്ങല്ലൂർ സ്വദേശി എന്നിവരും പനിബാധിച്ച് നൽപ്പെത്തുട്ടുകാരനായ വെങ്ങോല സ്വദേശിയും മരിച്ചു. ശ്വാസകോശ അണുബാധയാൽ എഴുപത്തഞ്ചുകാരനായ നേര്യമംഗലം സ്വദേശിയും എലിപ്പനി ബാധിച്ച് അറുപത്തിനാലുകാരനായ കുമ്പളങ്ങി സ്വദേശിയും ഡെങ്കി ബാധിച്ച് അന്പത്തഞ്ചുകാരനായ മലേഷ്യൻ പൗരനും മരിച്ചു. മൂക്കന്നൂർ ഷാപ്പുകവലയിൽ ശനി രാവിലെ 8.30ന് പനിബാധിതനായ അന്പത്തഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വയറിളക്കം ബാധിച്ച് കടുങ്ങല്ലൂരുള്ള നാലുവയസ്സുകാരൻ ജൂണ്‍ നാലിന് മരിച്ചിരുന്നു. ജലജന്യരോഗങ്ങളും പടരുന്നതിനാല്‍ അതിജാഗ്രത പാലിക്കണം, 3121 പേരാണ് വയറിളക്കരോഗങ്ങളുമായി ഈ മാസം ചികിത്സതേടിയത്.
കൊതുകുജന്യരോഗങ്ങളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍പേരെ ബാധിച്ചിരിക്കുന്നത്.
ആലങ്ങാട്, കളമശേരി, രായമംഗലം, തൃപ്പൂണിത്തുറ, വെങ്ങോല, ഏലൂർ, ആലുവ, അശമന്നൂർ, കീച്ചേരി, പാറക്കടവ്, പെരുമ്പാവൂർ, വേങ്ങൂർ, ചമ്പക്കര, ചേരാനല്ലൂർ, ചൂർണിക്കര, ചൊവ്വര, കോതമംഗലം, വരാപ്പുഴ, കടവന്ത്ര, പൂതൃക്ക, വെണ്ണല, എരൂർ, മൂക്കന്നൂർ, ഇടപ്പള്ളി, കൂനമ്മാവ്, നെടുമ്പാശേരി, തൃക്കാക്കര, മഴുവന്നൂർ, മണീട്, പിറവം, അങ്കമാലി, കാലടി, ഉദയംപേരൂർ, കീഴ്മാട്, കൂവപ്പടി, കലൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ ഡെങ്കി റിപ്പോർട്ട് ചെയ്തു. ഡെങ്കി ലക്ഷണങ്ങളുമായി 345 പേർ ചികിത്സതേടിയതിൽ 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി, മലേറിയ മഞ്ഞപ്പിത്തം എന്നിവയ്ക്കും ജില്ലയുടെ പലഭാഗങ്ങളിലായി ആളുകൾ ചികിത്സതേടി. കോതമംഗലത്തും നെട്ടൂരും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 281 പേർ 14 ദിവസത്തിനിടെ ഇൻഫ്ലുവൻസ രോഗങ്ങളുമായി ചികിത്സ തേടി.









0 comments