ad
Deshabhimani

പ്രിയദർശിനി ബസ്‌യാത്ര

കോൺഗ്രസ്‌ പരിപാടിയാക്കിയതിൽ പ്രതിഷേധിച്ച്‌ ലീഗ്‌

ksrtc

കെഎസ‍്ആർടിസി ഓർഡിനറി ബസിൽ സീറോ ടിക്കറ്റുമായി വനിതകൾ

വെബ് ഡെസ്ക്

Published on Jun 16, 2026, 03:08 AM | 2 min read

കൊച്ചി


കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ കാക്കനാട്ടെ ഉദ്‌ഘാടനച്ചടങ്ങ്‌ കോൺഗ്രസ്‌ പരിപാടിയാക്കിയെന്ന്‌ ആരോപിച്ച്‌ മുസ്ലിംലീഗ്‌ ബഹിഷ്‌കരിച്ചു.


തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലേക്ക് ലീഗ്‌ നേതാക്കളെ ക്ഷണിക്കാത്തതിലാണ്‌ പ്രതിഷേധം. ‘കോൺഗ്രസ് സർക്കാർ’ എന്ന് തുടങ്ങുന്ന ഗാനവും പ്രതിഷേധത്തിന് ആക്കംകൂട്ടി. തൃക്കാക്കര മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിംലീഗ് നേതാവുമായ കെ കെ അക്ബർ ബസ്‌സ്റ്റാൻഡിലെത്തിയെങ്കിലും പ്രതിഷേധിച്ച്‌ ഉദ്ഘാടനവേദിയിലേക്ക് കയറിയില്ല. ലീഗ് കൗൺസിലർമാരും വിട്ടുനിന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെയും ബ്ലോക്ക് ഭാരവാഹികളെയും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിലും അതൃപ്തി ഉയർന്നിട്ടുണ്ട്.

ഫോര്‍ട്ടുകൊച്ചിയിലും ഉദ്‌ഘാടനപരിപാടിയിൽനിന്ന്‌ മുസ്ലിംലീഗ് നേതാക്കളും പ്രവർത്തകരും വിട്ടുനിന്നു. തങ്ങളെ വിളിച്ചുവരുത്തി അപമാനിച്ചതായി ആർഎസ്‌പി, കേരള കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.


ഫ്ലാഗ് ഓഫ് ചെയ്ത ബസിൽ പുരുഷന്മാർ കയറിയതും തർക്കത്തിനിടയാക്കി. അതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾതമ്മിൽ പരസ്യവാക്കേറ്റവുമുണ്ടായി. നഗരത്തിൽ സംഘടിപ്പിച്ച ഉദ്‌ഘാടനപരിപാടി കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും കൈയേറിയതോടെ സ്‌ത്രീയാത്രക്കാർ ബസിൽ കയറാനാകാതെ വിഷമിച്ചു. ജില്ലാതല ഉദ്ഘാടനം എറണാകുളം ബോട്ടുജെട്ടി ഡിപ്പോയിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു. ടി ജെ വിനോദ് എംഎൽഎ, മേയർ വി കെ മിനിമോൾ എന്നിവര്‍ സംസാരിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ദീപക് ജോയ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു.


busകെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര 
ആരംഭിച്ചതിൽ പ്രതിഷേധിച്ച് പുരുഷന്മാർക്ക്‌ സ‍ൗജന്യയാത്ര അനുവദിച്ച 
ലിറ്റിൽ ഫ്ലവർ ബസിൽ കയറിയ സ്‌ത്രീകൾക്ക്‌ ബിസിഒസിഐ വൈസ് പ്രസിഡന്റ് 
എ ജെ റിജാസ് മധുരം നൽകുന്നു


ലിറ്റിൽ ഫ്ലവറിൽ പുരുഷന്മാർക്ക്‌ 
സ‍ൗജന്യയാത്ര; സ്‌ത്രീകൾക്ക്‌ മധുരം


ആലുവ


കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രആരംഭിച്ച തിങ്കളാഴ്ച പുരുഷന്മാർക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസുടമയുടെ പ്രതിഷേധം. മാഞ്ഞാലി–ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസിലാണ് തിങ്കൾ രാവിലെ 6.25ന് മാഞ്ഞാലിയിൽനിന്നുതുടങ്ങിയ ആദ്യ സർവീസ്‌ മുതൽ രാത്രി എട്ടുവരെയുള്ള ഏഴു സർവീസിലും പുരുഷൻമാർക്ക്‌ സ‍ൗജന്യയാത്ര അനുവദിച്ചത്‌. കെഎസ്ആർടിസിയിലെ സൗജന്യം ഒഴിവാക്കി ലിറ്റിൽ ഫ്ലവറിൽ കയറിയ എല്ലാ സ്‌ത്രീകളെയും മധുരംനൽകി ജീവനക്കാർ സ്വീകരിച്ചു. സർക്കാർതീരുമാനം സ്വകാര്യ ബസുകളുടെ നിലനിൽപ്പിന്‌ ഭീഷണിയാകുന്ന സാഹചര്യത്തിലാണ്‌ ബസുടമ വട്ടപ്പറമ്പ് സ്വദേശി ബി ഒ ഡേവിസിന്റെ നടപടി. ആലുവ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധം ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (ബിസിഒസിഐ) വൈസ് പ്രസിഡന്റ് എ ജെ റിജാസ് യാത്രക്കാർക്ക് ലഡു നൽകി ഉദ്ഘാടനം ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home