ad
Deshabhimani

കൊല്ലത്ത് വീണ്ടും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് പോരുവഴി സ്വദേശിയായ രണ്ടാംക്ലാസ്സുകാരന്

shigella bacteria

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 16, 2026, 09:10 AM | 1 min read

കൊല്ലം: കൊല്ലത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാംമൈൽ സെൻ്റ് തോമസ് റെസിഡൻസ് സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്കാണ് രോഗബാധ. പോരുവഴി സ്വദേശിയായ ഏഴ് വയസ്സുകാരനാണ് രോഗം കണ്ടെത്തിയത്. പുറത്തുനിന്ന് സ്കൂളിലെത്തിച്ച കുടിവെള്ളത്തിൽ നിന്നാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഒന്നര ആഴ്ച മുൻപ് ഇതേ സ്കൂളിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഈ സംഭവത്തെ തുടർന്ന് താൽക്കാലികമായി അടച്ച സ്കൂൾ ഇതുവരെ തുറന്നിട്ടില്ല. ഗുരുതരമായ ഈ വീഴ്ച ഉണ്ടായിട്ടും സ്‌കൂൾ അധികൃതർക്കെതിരെ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.


അതേസമയം ഷിഗല്ല ബാധിച്ച്‌ തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ രണ്ടുപേർ മരിച്ചു. മലപ്പുറം, തൃശൂർ ജില്ലകളിലാണ് മരണം. മലപ്പുറം മങ്ങാട്ടുപുലം സ്വദേശിയും വടക്കേമണ്ണ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ മൂന്നാംപടിയൻ ബൈജുവിന്റെയും നിഥിനയുടെയും മകൻ ആർജവ്‌ (7) തിങ്കളാഴ്‌ച രാവിലെയാണ്‌ മരിച്ചത്. മലപ്പുറം എയുപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.


തൃശൂർ കൊടകര കുഴിക്കാണിയിൽ വാടകയ്ക്ക് താമസിക്കുന്ന മാപ്രാണം സ്വദേശി ചെമ്പോത്തുംപറമ്പിൽ വീട്ടിൽ നിയാസും (43) മരിച്ചു. വയറുവേദനയെത്തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഷിഗല്ല ബാധിച്ച്‌ ഈ വർഷം സംസ്ഥാനത്ത്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. അതിനിടെ കണ്ണൂർ മൊകേരിയിൽ നാലും എട്ടും വയസ്സുള്ള ആൺകുട്ടികൾക്കും ഷിഗല്ല സ്ഥിരീകരിച്ചു. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്‌.


നിപാ ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള ഫാറൂഖ്‌ കോളേജ്‌ സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. രോഗിയുടെ അടുത്ത ബന്ധുവിനെ നിരീക്ഷണത്തിന് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേർ നിരീക്ഷണത്തിലാണ്‌. കോഴിക്കോടും ഇടുക്കിയിലുമായി നാല് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.


കോഴിക്കോട് തിക്കോടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച മാത്രം 14,297 പേർ സംസ്ഥാനത്ത് പനിക്ക്‌ ചികിത്സ തേടി. ഇടുക്കി ഒഴിച്ചുള്ള ജില്ലകളിൽ ദിനംപ്രതി അഞ്ഞൂറിലേറെ പേരാണ്‌ പനിക്ക്‌ ചികിത്സ തേടുന്നത്‌. 45 പേർക്ക്‌ ഇൻഫ്ലുവൻസയും 40പേർക്ക്‌ ഡെങ്കിയും ഏഴ്‌ പേർക്ക്‌ എലിപ്പനിയും എട്ട്‌ പേർക്ക്‌ മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home