പാപ്പനംകോട് നിയന്ത്രണംവിട്ട ഇലക്ട്രിക് ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്

Photo Credit:Social Media
നേമം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറത്തേയ്ക്കിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ഇലക്ട്രിക്ക് ബസ് റോഡരികിലെ ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോട്ടറി കച്ചവടക്കാരൻ സുദർശനൻ, ബസ് ഡ്രൈവർ ശാന്തിലാൽ എന്നിവർക്കാണ് പരിക്കേറ്റത്.
കരമന-കളിയിക്കാവിള പാതയിൽ പാപ്പനംകോട് ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം നടന്നത്. ഡിപ്പോയിൽ നിന്നും ഇറങ്ങിയ ബസ് നിയന്ത്രണംവിട്ട് നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും പൂർണ്ണമായി ഇടിച്ചുതകർത്താണ് ലോട്ടറിക്കടയിലേയ്ക്ക് പാഞ്ഞുകയറിയത്.
അപകടം നടന്ന സ്ഥലത്തിനരികിൽ പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ ഉദയൻ എന്നയാൾ അത്ഭുതകരമായാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഈ സമയം പത്രം വാങ്ങാനായി എത്തിയ ഒരാളുടെ സ്കൂട്ടറും ബസിനടിയിലായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ലോട്ടറിക്കടയുടെ മുൻവശവും ഇലക്ട്രിക് ബസിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്ന നിലയിലാണ്.









0 comments