പശ്ചിമഘട്ടം കാണാൻ യാത്രക്കാരുടെ തിരക്ക്; വിസ്റ്റാഡോം കോച്ചില്‍ ടിക്കറ്റുകൾ തീർന്നു

തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ മധുര–ഗുരുവായൂർ എക്സ്പ്രസിൽ ഏർപ്പെടുത്തിയ വിസ്റ്റാഡോം കോച്ചിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം. ഞായറാഴ്ച ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകൾ പൂർണമായി ബുക്ക് ചെയ്ത് തീർന്നു. അടുത്ത ആഴ്ചകളിലും റിസർവേഷൻ വെയ്റ്റിങ് ലിസ്റ്റിലാണ്. നവംബർ 13 വരെയുള്ള ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണ് കാണിക്കുന്നത്. ചില ദിവസങ്ങളിൽ ടിക്കറ്റുകൾ പൂർണമായി തീർന്നു. നിലവിൽ നവംബർ 14 മുതലാണ് ടിക്കറ്റുകൾ ലഭ്യമാണെന്ന് കാണിക്കുന്നത്.
ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചാണ് മധുര–ഗുരുവായൂർ എക്സ്പ്രസിൽ ഏർപ്പെടുത്തിയത്. മധുരയിൽനിന്ന് ഗുരുവായൂരിലേക്ക് വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ഗുരുവായൂരിൽനിന്ന് മധുരയിലേക്ക് വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലുമാണ് വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുക. മധുര–കൊല്ലം റൂട്ടിലും കൊല്ലം–മധുര റൂട്ടിലും ടിക്കറ്റുകൾ നവംബർ രണ്ടാം ആഴ്ച വരെ വെയിറ്റിങ് ലിസ്റ്റിലാണ്. പുനലൂർ നിന്ന് ചെങ്കോട്ട വരെ 515 രൂപയാണ് അടിസ്ഥാന നിരക്ക്.
വിശാലമായ ഗ്ലാസ് ജനാലകളും സുതാര്യമായ മേൽക്കൂരയുമുള്ള കോച്ചിലൂടെ പശ്ചിമഘട്ടത്തിലെ വനങ്ങളും മലനിരകളും താഴ്‌വരകളും ആസ്വദിക്കാനാകും. ഇരുദിശകളിലുമുള്ള ട്രെയിനുകൾ പകൽസമയത്ത് വനമേഖലയിലൂടെ കടന്നുപോകുന്നതിനാൽ പ്രകൃതിദൃശ്യങ്ങൾ കാണാൻ മികച്ച അവസരമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്.
16327/16328 നമ്പർ മധുര– ഗുരുവായൂർ– മധുര എക്സ്പ്രസിൽ ചെങ്കോട്ട–പുനലൂർ–കൊല്ലം പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കാണ് മലനിരകളുടെയും വനങ്ങളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകുക. റെയിൽവൺ ആപ് വഴിയാണ് ബുക്കിങ്. ആപ്പിൽ കയറി ട്രെയിനും തിയതിയും തെരഞ്ഞെടുത്ത ശേഷം എക്സിക്യൂട്ടീവ് വിസ്റ്റാഡോം എന്നുള്ള ഓപ്ഷൻ തെരഞ്ഞെടുത്താൽ സീറ്റുകൾ ലഭ്യമാണോയെന്ന് നോക്കാം.
ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെയാണ് വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തിയുള്ള സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ജനാലകളും സുതാര്യമായ മേൽക്കൂരയുടെ ഭാഗങ്ങളും കോച്ചിന്റെ പ്രത്യേകതകളാണ്. യാത്രയ്ക്കിടെ ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി ആസ്വദിക്കാൻ ഇതിലൂടെ കഴിയും. പശ്ചിമഘട്ട മലനിരകൾക്കും വനമേഖലകൾക്കും ഇടയിലൂടെ കടന്നുപോകുന്ന ചെങ്കോട്ട–പുനലൂർ–കൊല്ലം റെയിൽപാതയിലെ യാത്ര വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവമാകും. തെന്മല മേഖലയിലെ പ്രകൃതിദൃശ്യങ്ങൾ അടുത്തറിയാനും ഈ യാത്ര അവസരമൊരുക്കും.








0 comments