Deshabhimani

വകുപ്പുകളുടെ ഏകോപനമില്ല, മുന്നൊരുക്കവും പാളി; ശബരിമല തീർത്ഥാടകരെ കാത്തിരിക്കുന്നത്‌ ദുരിതപാത

sabarimala
വെബ് ഡെസ്ക്

Published on Oct 19, 2026, 01:56 PM | 2 min read

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം അടുത്തിരിക്കെ, സർക്കാർതലത്തിൽ സ്വീകരിക്കേണ്ട നടപടികളിലെ അനാസ്ഥമൂലം തീർത്ഥാടകർ കടുത്ത ദുരിതത്തിലേക്ക്‌. തുലാമാസ പൂജകൾക്കായി കഴിഞ്ഞദിവസം നട തുറന്നപ്പോൾ എത്തിയ തീർത്ഥാടകർക്കു പോലും ആവശ്യമായ സ‍ൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തത്‌ പോരായ്‌മകളുടെ ആഴം വെളിവാക്കി.


വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തതുമാണ്‌ തീർത്ഥാടനം പ്രതിസന്ധിയിലാക്കുന്നത്‌. സർക്കാരിനു കീഴിലെ ഭൂരിഭാഗം വകുപ്പുകൾക്കും ശബരിമലയിൽ വിവിധ ചുമതലകൾ നിർവഹിക്കാനുണ്ട്‌. ദേവസ്വം, വനം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്‌, തദ്ദേശ സ്വയംഭരണം, ജലവിഭവം തുടങ്ങിയ വകുപ്പുകളെല്ലാം പരസ്‌പരം യോജിച്ചുള്ള ചർചകളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ്‌ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നത്‌. ഇക്കാര്യത്തിൽ നേതൃസ്ഥാനം വഹിക്കേണ്ട ദേവസ്വം വകുപ്പിന്റെ കെടുകാര്യസ്ഥതയാണ്‌ സ്ഥിതി കുടുതൽ വഷളാക്കിയത്‌. ദേവസ്വം ബോർഡിലെ ഭരണാനുകൂല സംഘടനയുടെ വാക്കുകളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട മന്ത്രി ഓഫീസും വകുപ്പും കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു.


തുലാമാസപൂജയ്‌ക്ക്‌ കഴിഞ്ഞ ദിവസം എത്തിയ ഭക്തർ അനുഭവിച്ച പ്രയാസങ്ങൾ സർക്കാരിന്റെ ഏകോപനമില്ലായ്‌മ വെളിപ്പെടുത്തി. ആവശ്യത്തിന്‌ ഗതാഗത സ‍ൗകര്യം ഏർപ്പെടുത്താതിരുന്നതിനാൽ നിലമേലിൽ നിന്ന്‌ പന്പയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ വലിയ തിക്കുംതിരക്കും ഉണ്ടായി. റോഡു പണി സമയത്ത്‌ പൂർത്തിയാക്കാത്തതും യാത്രാദുരിതം വർദ്ധിപ്പിച്ചു. കെഎസ്‌ആർടിസി ബസുകൾ കുറവായതിനാൽ പൊലീസ്‌ വാഹനങ്ങളിൽ തീർത്ഥാടകരെ കയറ്റേണ്ടി വന്നു. തിരക്ക്‌ നിയന്ത്രിക്കുന്നതിൽ പൊലീസിന്‌ വീഴ്‌ച പറ്റി. അതുകൊണ്ട്‌ തന്നെ തീർത്ഥാടകർ ഏറെ നേരം ക്യൂ നിൽക്കേണ്ടി വന്നു. മണിക്കൂറുകൾ ക്യൂവിൽ നിന്നവർക്ക്‌ കുടിവെള്ളവും ഭക്ഷണവും നൽകിയില്ല. സന്നിധാനത്ത്‌ ശുചിമുറികളുടെ അവസ്ഥ അതിദയനീയമാണ്‌.


ഏകദേശം അന്പതിനായിരം പേരാണ്‌ കഴിഞ്ഞ ഓരോ ദിവസവും എത്തിയത്‌. ഇത്‌ മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ട്രെയിനുകളിൽ കൂടുതൽ കോച്ച്‌ അനുവദിപ്പിക്കുന്നതിന്‌ സംസ്ഥാന സർക്കാർ റെയിൽവേയുമായി ബന്ധപ്പെട്ട്‌ വേണ്ട ഇടപെടൽ നടത്തിയില്ല. ഇത്‌ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക്‌ പ്രയാസമുണ്ടാക്കി. മറ്റു ജില്ലകളിൽ നിന്നുള്ള കെഎസ്‌ആർടിസി സർവീസും പരിമിതമായിരുന്നു. ആരോഗ്യ രക്ഷാ സംവിധാനങ്ങളുടെ കുറവും തീർത്ഥാടകരെ വലച്ചു.

മണ്ഡലകാലം അടുത്തെങ്കിലും ഒരുക്കങ്ങൾ പകുതി പോലും പൂർത്തിയായിട്ടില്ല. പല പ്രവർത്തനങ്ങളുടെയും ടെണ്ടർ നടപടികൾ വൈകിയത്‌ തിരിച്ചടിയായി. തീർത്ഥാടകരുടെ പ്രവാഹം തുടങ്ങിയാൽ അതേ പാതയിലൂടെ ട്രാക്‌ടറുകളിൽ സാധനങ്ങൾ എത്തിക്കുക ദുഷ്‌കരമാണ്‌. സന്നിധാനത്തും പന്പയിലും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി വരുന്നതേയുള്ളൂ. പൊലീസുകാർ അടക്കമുള്ളവർക്കുള്ള സ‍ൗകര്യങ്ങൾ സജ്ജമാക്കുന്നതിലും മെല്ലെപ്പോക്കാണ്‌. ഇനി എത്ര തിടുക്കപ്പെട്ട്‌ നടപടികൾ സ്വീകരിച്ചാലും വീഴ്‌ചകൾ പൂർണമായും പരിഹരിക്കാൻ കഴിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home