Deshabhimani

വഖഫ് ബോര്‍ഡ് പുനഃസംഘടന; മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു: കേരള മുസ്ലിം ജമാഅത്ത്

v d satheesan samastha
വെബ് ഡെസ്ക്

Published on Oct 19, 2026, 01:38 PM | 1 min read

മലപ്പുറം : മുഖ്യമന്ത്രി വി ഡി സതീശന്‍ സുന്നി വിഭാഗങ്ങളെ (സമസ്ത എ പി വിഭാഗം) പറഞ്ഞുപറ്റിച്ചെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരില്‍നിന്ന് അവഗണനയുണ്ടാവില്ലെന്നാണ് നേരത്തെ വാക്കുതന്നത്. എന്നാല്‍, വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സുന്നി വിഭാഗങ്ങളെ അവഗണിച്ചത് സര്‍ക്കാര്‍ വഞ്ചനയാണ്. ചുരുക്കം വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സംഘടനകള്‍ക്കുപോലും ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കിയിട്ടും ഭൂരിപക്ഷത്തെ അകറ്റിനിര്‍ത്തി. സുന്നി സംഘടനയെ പാടെ തിരസ്കരിച്ചു. ഈ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ പുറംകാല്‍കൊണ്ട് തട്ടിമാറ്റി. ഇത് അംഗീകരിക്കാനാവില്ല.


മറ്റേതെങ്കിലും സ്ഥാനംനല്‍കി പ്രതിഷേധത്തെ മയപ്പെടുത്താനാവില്ല. പത്താംക്ലാസില്‍ പ്രവേശനം കിട്ടാത്ത കുട്ടിയെ എട്ടാംക്ലാസില്‍ ചേര്‍ക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ട് കാര്യമില്ല. കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട മുന്‍ വഖഫ് ബോര്‍ഡില്‍ സുന്നി വിഭാഗത്തിന്റെ പ്രതിനിധിയുണ്ടായിരുന്നു. പുതിയ നീക്കത്തിലൂടെ സമുദായത്തിനകത്ത് സംവാദത്തിനുള്ള അവസരമാണ് മുസ്ലിംലീഗ് നഷ്ടപ്പെടുത്തിയത്. ഇരുവിഭാഗം സമസ്തയും വിഷയത്തില്‍ ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ച് 22ന് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വടശേരി ഹസന്‍ മുസ്ല്യാര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ പി കെ മുഹമ്മദ് ബഷീര്‍, കെ പി ജമാല്‍ കരുളായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home