print edition ഇന്ത്യൻ ഫുട്ബോൾ ലീഗിൽ ഒന്നാമത് തുടരുന്നു; ഗോകുലത്തിന് നാലാം ജയം

Photo: Facebook
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്‌സി തകർപ്പൻ ജയത്തോടെ ഒന്നാമത് തുടർന്നു. മുഹമ്മദൻസിനെ 4–1ന് തകർത്തു. തുടർച്ചയായ നാലാം ജയമാണ്. ബ്രസീൽ താരം ക്രിസ്‌ലൻ സിൽവ ഇരട്ട ഗോളടിച്ചു. ക്യാപ്‌റ്റൻ എൻ ഷിഖിലും ജോബി ജസ്‌റ്റിനും പട്ടിക പൂർത്തിയാക്കി. ജെറമി ലാൽഡിൻപുയയിലൂടെ മുഹമ്മദൻസ് ആശ്വാസ ഗോൾ കണ്ടെത്തി. മുഴുവൻ ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഗോകുലം ഏഴാം മിനിറ്റിൽ മുന്നിലെത്തി. മക്കാൻ ചോത്തെയുടെ പന്ത് സ്വീകരിച്ച ജോബിൻ അനായാസം ലക്ഷ്യം കണ്ടു. 25–ാം മിനിറ്റിൽ ക്രിസ്‌ലൻ ലീഡുയർത്തി.
കോർണർ കിക്കിന് പിന്നാലെ വിക്‌ടർ സിൽവയുടെ ക്രോസിന് ക്രിസ്‌ലർ തലവച്ചു. മൂന്ന് മിനിറ്റിൽ രണ്ട് ഗോൾ നേടി ഗോകുലം വിജയമുറപ്പിച്ചു. മക്കാൻ നൽകിയ പന്ത് ക്രിസ്‌ലൻ വലയിലെത്തിച്ചപ്പോൾ ലീഡ് മൂന്നായി. കൊൽക്കത്തക്കാരുടെ പ്രതിരോധപ്പിഴവിൽ നിന്നായിരുന്നു ഷിഖിൽ നേടിയ നാലാം ഗോൾ. ഇടവേളയ്‌ക്ക് പിരിയുംമുമ്പ് ഹാട്രിക് നേടാനുള്ള അവസരം ക്രിസ്‌ലൻ നഷ്‌ടപ്പെടുത്തി. ഒരു ഷോട്ട് പോസ്‌റ്റിൽ തട്ടി മടങ്ങി. ഒന്നാം പകുതിയുടെ പരിക്കുസമയത്ത് മുഹമ്മദൻസ് ഒരു ഗോൾ മടക്കി.
രണ്ടാം പകുതിയിൽ ഗോകുലം പ്രതിരോധത്തിനാണ് ശ്രമിച്ചത്. കൂടുതൽ സമയം പന്ത് കാലിലുണ്ടായിട്ടും മുഹമ്മദൻസിന് ഗോളടിക്കാനായില്ല. ഗോകുലത്തിന്റെ അടുത്ത കളി 30ന് ശ്രീനിധി ഡെക്കാണുമായിട്ടാണ്.









0 comments