കോൺഗ്രസിലെ അടി തെരുവിൽ
പഞ്ചായത്ത് പ്രസിഡന്റിനെതിരെ നേതാവിന്റെ ഭാര്യയുടെ സത്യഗ്രഹം


സ്വന്തം ലേഖകൻ
Published on Nov 21, 2026, 02:12 AM | 1 min read
ചേര്‍ത്തല
കോൺഗ്രസ് ഭരിക്കുന്ന ചേര്‍ത്തല തെക്ക് പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ സത്യഗ്രഹസമരവുമായി ബ്ലോക്ക് നേതാവിന്റെ ഭാര്യ. വെയിലേറ്റ് തളർന്ന് കുഴഞ്ഞുവീണ ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് അഭിനയ കള്ളപ്പരാതി നൽകിയെന്നാരോപിച്ചാണ് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്‌പ്രസിഡന്റും പഞ്ചായത്ത് മുൻ അംഗവുമായ അഡ്വ. ജോസ് ബെന്നറ്റിന്റെ ഭാര്യ സോജ സോണ സത്യഗ്രഹം നടത്തിയത്. ഒക്‌ടോബർ ആറിന് അർത്തുങ്കൽ ഐടിസി ജങ്‌ഷനിൽവച്ച് ജോസ് ബെന്നറ്റ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാരോപിച്ച് അഭിനയ പൊലീസിൽ പരാതിനൽകിയിരുന്നു. കള്ളപ്പരാതിയാണിതെന്ന് ആരോപിച്ചാണ് സോജയുടെ പ്രതിഷേധം. വെള്ളി ഉച്ചയോടെ പഞ്ചായത്ത് ഓഫീസ് വളപ്പിൽ കുത്തിയിരുന്ന സോജയെ ജീവനക്കാരും ജനപ്രതിനിധികളും പൊലീസും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിൻമാറിയില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഭരണനേതൃത്വത്തിനെതിരെ സോജ വിജിലൻസിന് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം പൂർത്തിയായിരുന്നു. അതിന്റെ പ്രതികാരമാണ് കള്ളപ്പരാതിയെന്ന് ജോസ് ബെന്നറ്റ് അനുകൂലികൾ പറഞ്ഞു. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും നിരന്തരം അധിക്ഷേപിച്ചതിനാലാണ് പരാതിപ്പെട്ടതെന്നുമാണ് പ്രസിഡന്റിന്റെ നിലപാട്. നേതൃത്വത്തോട് പലതവണ പറഞ്ഞിട്ടും പരിഹാരം ഉണ്ടാക്കിയില്ല. തെരുവിലെത്തിയ കോൺഗ്രസ് ചേരിപ്പോരിൽ സ്‌തംഭിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണം.








0 comments