print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ ചെങ്കാറ്റ്

ന്യൂഡൽഹി: രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് വൻ മുന്നേറ്റം. ഏഴ് ജില്ലാപരിഷത്ത് സീറ്റും 50 പഞ്ചായത്ത് സീറ്റും പാർടി പിടിച്ചെടുത്തു. ഹനുമാൻഗഡ് ജില്ലയിലെ ഭാദ്ര, രാജ്‌പുർ പഞ്ചായത്തുകളിൽ ഭരണം പിടിച്ചു. ഭാദ്രയിൽ 19ൽ 15 സീറ്റിലും ജയിച്ചു. ബിജെപി മൂന്നിലും കോൺഗ്രസ് ഒരു സീറ്റിലും ഒതുങ്ങി. 19 സീറ്റുള്ള രാജ്‌പുർ പഞ്ചായത്തിൽ 14 സീറ്റ് സിപിഐ എം നേടി. ബിജെപി നാലിടത്ത് ജയിച്ചപ്പോൾ ഒരു സീറ്റിൽ സ്വതന്ത്രനാണ്.
ദോഡ് ഗ്രാമീൺ പഞ്ചായത്തിൽ ആറ് സീറ്റിൽ സിപിഐ എം ജയിച്ചു. ഹനുമാൻഗഡ് ജങ്‌ഷൻ, ഹനുമാൻഗഡ് ടൗൺ, ദോഡ്, നൊഹാർ റീദ്ദി പഞ്ചായത്തുകളിൽ രണ്ടുവീതം സീറ്റുനേടി. പല്ലു, കച്ചരിയവാസ്, നീംകാ താന, താരാനഗർ, ശ്രീദുംഗർഗഡ് പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നു.
ഹനുമാൻഗഡ് ജില്ലയിൽ നാല് ജില്ലാ പരിഷത്ത് സീറ്റ് നേടി. ഇവിടെ ലക്ഷത്തോളം വോട്ട് സിപിഐ എമ്മിന് ലഭിച്ചു. ബിക്കാനീർ, സിക്കർ, ചുരു ജില്ലാ പരിഷത്തുകളിൽ ഓരോ സീറ്റും സ്വന്തമാക്കി. ബിജെപിക്ക് കനത്ത തിരിച്ചടി.
വോട്ടെണ്ണിയ 37 ജില്ലാ പരിഷത്തുകളിൽ അഞ്ചിടത്ത് മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം. കോൺഗ്രസ് ഇരുപതിടത്ത് ഭൂരിപക്ഷം നേടി. രാഷ്‌ട്രീയ ലോക്‌താന്ത്രിക്ക് പാർടി ഒരു ജില്ലാ പരിഷത്തിൽ ഭരണമുറപ്പിച്ചു. 11 ജില്ലകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ബിജെപി ഒരിടത്തും ഭാരത് ആദിവാസി പാർടി രണ്ടിടത്തും വലിയ കക്ഷിയായി.









0 comments