print edition ട്രാക്ക് മാറ്റി സ്വർണം കൊയ്ത് ദിവ്യ; പരിക്കിനെ തോൽപ്പിച്ച് ദ്വിദേശ്

കഴക്കൂട്ടം: സ്‌കൂൾ ജീവിതത്തിലെ അവസാന കളിക്കളം സ്വർണത്തിളക്കത്തോടെ അവിസ്മരണീയമാക്കി കെ ദിവ്യയും ദ്വിദേശും. കളിക്കളം 2026 സീനിയർ വിഭാഗം 1500 മീറ്റർ ഓട്ടത്തിലാണ് ഇരുവരും ആൺ, പെൺ വിഭാഗങ്ങളിൽ സ്വർണം കൊയ്‌തത്. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥിയാണ് ദിവ്യ. സുൽത്താൻബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനെയാണ് ദ്വിദേശ് പ്രതിനിധീകരിച്ചത്.
നേരത്തേ 100, 400 മീറ്റർ ഇനങ്ങളിൽ ട്രാക്കിലിറങ്ങിയിരുന്ന ദിവ്യ, ദീർഘദൂര ഓട്ടത്തിലുള്ള മികവ് തിരിച്ചറിഞ്ഞതോടെയാണ് ഇത്തവണ 1500 മീറ്ററിലേക്ക് മാറിയത്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിലും മികച്ച പ്രകടനം കാഴ്ചവച്ചു. വി എം സത്യനാണ് പരിശീലകൻ. ഇടവണ്ണ സ്വദേശികളായ രാമന്റെയും സ്മിതയുടെയും മകളാണ്.
പരിക്കുകൾ തീർത്ത പ്രതിസന്ധികളെ നിശ്ചയദാർഢ്യംകൊണ്ട് മറികടന്നാണ് വയനാട് കാക്കവയൽ സ്വദേശി ദ്വിദേശ് സ്വർണം നിലനിർത്തിയത്. കഴിഞ്ഞ വർഷം 800, 1500 മീറ്റർ ഓട്ടത്തിൽ ഇരട്ടസ്വർണം നേടിയിരുന്നു. 1500 മീറ്ററിലെ തുടർച്ചയായ രണ്ടാം സ്വർണമാണ്.
വരും ദിവസങ്ങളിൽ 400 മീറ്റർ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്. ലക്ഷ്മി– ചെട്ടിയൻ ദമ്പതികളുടെ മകനാണ്. സിജിനാണ് പരിശീലകൻ. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥികളായ ഇരുവർക്കും ഇത് സ്‌കൂൾതലത്തിലെ അവസാന ‘കളിക്കള'മാണ്.








0 comments