ഗോളടിച്ച് കൂട്ടുന്നു; സുവർണപാദുകത്തിനായി കനത്ത പോരാട്ടം

മെക്‌സിക്കോ: ആരാകും ഇൗ ലോകകപ്പിലെ മികച്ച ഗോളടിക്കാരൻ. ഗ്രൂപ്പ് മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സുവർണപാദുകത്തിനായുള്ള പോരാട്ടവും കനത്തു. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോഴേക്കും അഞ്ച് ഗോളുമായി അർജന്റീനൻ നായകൻ ലയണൽ മെസിയും നാല് ഗോൾ വീതം നേടി ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെയും നോർവേയുടെ എർലിങ് ഹാലണ്ടും കുതിക്കുകയാണ്.
ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് കുറിച്ച മെസി, ഓസ്‌ട്രിയയ്ക്കെതിരെ ഇരട്ടഗോളും നേടി. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയെ മറികടന്ന് 18 ഗോളുമായി ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോഡും മുപ്പത്തൊന്പതുകാരൻ സ്വന്തം പേരിലാക്കി. തുടർച്ചയായ ആറാം ലോകകപ്പ് മത്സരത്തിലും മെസി ലക്ഷ്യംകണ്ടു. ജസ്‌റ്റ് ഫൊണ്ടെയ്‌നും ജെഴ്‌സീന്യോയ്‌ക്കും ശേഷം ഇൗ നേട്ടം കൈവരിക്കുന്ന ആദ്യതാരം. കഴിഞ്ഞ ലോകകപ്പ് പ്രീ ക്വാർട്ടർ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു തുടക്കം. തുടർന്ന് നെതർലൻഡ്‌സ്, ക്രൊയേഷ്യ, ഫ്രാൻസ് ടീമുകൾക്കെതിരെയും ഗോൾ നേടി.
കഴിഞ്ഞ പതിപ്പിൽ സുവർണപാദുകം നേടിയ എംബാപ്പെ ഇക്കുറിയും ഗോളടിച്ച് കൂട്ടുകയാണ്. 2022ൽ എട്ട് ഗോളുകളാണ് താരം നേടിയത്. ഫൈനലിൽ ഹാട്രിക് നേടിയാണ് ഗോളെണ്ണം കൂട്ടിയത്. ഇത്തവണ നാല് ഗോളുമായി എംബാപ്പെയും നോർവേയുടെ എർലിങ് ഹാലണ്ടും മെസിക്ക് പിന്നാലെയുണ്ട്. സെനഗലിനും ഇറാഖിനും എതിരെ ഇരുവരും ഇരട്ടഗോൾ നേടി. ജർമനിയുടെ ഡെന്നീസ് ഉന്ദാവ്, കാനഡയുടെ ജൊനാഥൻ ഡേവിഡ് എന്നിവർ മൂന്ന് ഗോളുമായി പിന്നാലെയുണ്ട്. ഇംഗ്ലീഷ് ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, സ്‌പാനിഷ് കൗമാരക്കാരൻ യമാൽ തുടങ്ങിയവരും ഗോൾ വേട്ടയിൽ കുതിക്കുമെന്നാണ് പ്രവചനം.










0 comments