പ്രണയം തകർന്നു, ഗർഭഛിദ്രം വേണമെന്ന് യുവതി; സ്ത്രീയുടെ അവകാശം, അനുമതി നൽകി മദ്രാസ് ഹൈക്കോടതി

പ്രതീകാത്മക ചിത്രം
ചെന്നൈ: പ്രണയബന്ധം തകർന്നുവെന്നും അക്കാലയളവിൽ ധരിച്ച ഗർഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ 23 കാരിക്ക് അനുമതി നൽകി ചെന്നൈ ഹൈക്കോടതി. ഗർഭസ്ഥശിശുവിനെ വളർത്തണോ ഗർഭച്ഛിദ്രം നടത്തണോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം ഗർഭിണിക്കാണെന്നും ആ വിവേചനാധികാരത്തെ സംരക്ഷിക്കുകയാണ് കോടതികളുടെ ചുമതലയെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു. സ്ത്രീ അമ്മയാവേണ്ടതുണ്ടെന്ന് നിയമം നിഷ്‌കർഷിക്കുന്നില്ല, പ്രായപൂർത്തിയായ സ്ത്രീക്ക് ഗർഭത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം നിഷേധിക്കുന്നുമില്ലെന്ന് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി വ്യക്തമാക്കി.
യുവതി 15 ആഴ്ച ഗർഭിണിയാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ ഗർഭച്ഛിദ്രം സുരക്ഷിതമല്ലെന്നും ആദ്യം അറിയിച്ച തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആരോഗ്യനില മെച്ചപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു. തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം ഗർഭഛിദ്രം നടത്താനും കേസിന്റെ ആവശ്യത്തിലേക്കായി ഡിഎൻഎ സാംപിൾ സൂക്ഷിക്കാനും കോടതി നിർദേശിക്കുകയായിരുന്നു. പരാജയപ്പെട്ട പ്രണയബന്ധത്തിൽ ഉണ്ടായ താത്‌പര്യമില്ലാത്ത ഗർഭം തുടരാനും അമ്മയാകാനും യുവതിയെ നിർബന്ധിക്കാൻ കോടതിക്ക് പറ്റില്ലെന്ന് ജസ്റ്റിസ് വിക്ടോറിയ ഗൗരി വ്യക്തമാക്കി. ഗർഭം ധരിക്കണോ അമ്മയാകണോ എന്ന് തീരുമാനിക്കാൻ പ്രായപൂർത്തിയായ സ്ത്രീക്ക് ഭരണഘടന അധികാരം നൽകുന്നുണ്ട്. ആ അധികാരം സംരക്ഷിക്കുകയാണ് കോടതികളുടെ ചുമതലയെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, പഴയ പ്രണയിനിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമ്മർദം ചെലുത്തുന്നതായി ആരോപിച്ച് യുവാവ് ഹർജി നൽകിയിരുന്നു. ഈ വാദത്തിനിടെയാണ് ഗർഭഛിദ്രത്തിന്റെ വിഷയം കോടതിയുടെ പരിഗണനയ്ക്കു വന്നത്. തിരുനെൽവേലി സ്വദേശിയായ യുവാവാണ് പൊലീസ് ഉപദ്രവിക്കുന്നത് തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുന്ന കാര്യം പരിഗണിക്കണമെന്ന കോടതിയുടെ നിർദേശം യുവാവ് തള്ളിക്കളയുകയും ചെയ്തു.









0 comments