അക്കാഫ് വെൽഫെയർ ക്ലബ്ബിന് തുടക്കം; അംഗങ്ങൾക്കായി വിവിധ പദ്ധതികൾ

ദുബായ്: ഓൾ കേരള കോളേജസ് അലുമ്നി ഫോറം (അക്കാഫ്) വെൽഫെയർ ക്ലബ്ബിന്റെ ഉദ്ഘാടനം അക്കാഫ് ഇവന്റ്സ് ഓഫീസിൽ നടന്നു. അക്കാഫിന്റെ മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചാൾസ് പോളിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു.
പരിപാടിയുടെ ഭാഗമായി പ്രശസ്ത സാമ്പത്തിക വിദഗ്ധനും ബുർജീൽ ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടറുമായ കെ വി ഷംസുദ്ദീൻ “പ്രവാസികളുടെ സാമ്പത്തിക അച്ചടക്കം” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
അക്കാഫ് ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ബിന്ദു ആന്റണി എന്നിവർ വെൽഫെയർ ക്ലബ്ബിന്റെ ഉപദേഷ്ടാക്കളാണ്. ക്ലബ്ബിന്റെ സെക്രട്ടറിയായി അജ്മൽ അബ്ദുള്ളയെ തെരഞ്ഞെടുത്തു. ഷബ്‌ന, മുനീർ ബേരിക, പ്രീത സുധി എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി ചുമതലയേറ്റു.
ചടങ്ങിൽ അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, സെക്രട്ടറി കെ വി മനോജ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷകീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ജാഫർ കണ്ണാട്ട്, കൾച്ചറൽ കോർഡിനേറ്റർ വി സി മനോജ്, അസിസ്റ്റന്റ് ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജോയിന്റ് സെക്രട്ടറി മുന ഉല്ലാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും രേഖപ്പെടുത്തി.
അംഗങ്ങളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച വെൽഫെയർ ക്ലബ്ബ് ആദ്യഘട്ടത്തിൽ പ്രിവിലേജ് കാർഡ് പദ്ധതി, നോർക്ക-പ്രവാസി പെൻഷൻ ഹെൽപ് ഡെസ്‌ക്, വിവിധ അംഗക്ഷേമ പദ്ധതികൾ എന്നിവ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർഘട്ടങ്ങളിൽ പെൻഷൻ പദ്ധതി, ഇൻഷുറൻസ് പദ്ധതി, ഓണറേറിയം, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ, തൊഴിൽ അവസരങ്ങൾ, നൈപുണ്യ വികസന പരിശീലന പരിപാടികൾ തുടങ്ങിയവയും നടപ്പിലാക്കുമെന്ന് അവർ വ്യക്തമാക്കി.










0 comments