പായയിൽ പൊതിഞ്ഞ വസ്തുവിൽ ദുരൂഹത; 38-ാം നമ്പർ കല്ലറ നാളെ തുറക്കും

വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ കണ്ടത്
കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ബുധനാഴ്ച കല്ലറ പരിശോധന നടത്തും. ആർഡിഒയുടെ അനുമതി ലഭിച്ചതോടെയാണ് നടപടി. രാവിലെ 11നാണ് കല്ലറ തുറക്കുക.
ഈ മാസം 13നാണ് പള്ളി സെമിത്തേരിയിലെ കല്ലറ മറ്റൊരു മൃതദേഹം അടക്കംചെയ്യുന്നതിനായി തുറന്നസമയത്ത് ദുരൂഹസാഹചര്യത്തിൽ
മൃതദേഹത്തിന് സമാനമായ വസ്തു പായയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്. പള്ളി അധികൃതർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. സംസ്‌കാരവുമായി ബന്ധപ്പെട്ട പള്ളിരേഖകൾ പരിശോധിച്ചുവെങ്കിലും ദുരൂഹത നിലനിൽക്കുകയാണ്. പൊലീസ് അനുമതിയോടെ കല്ലറ അടച്ച് സെമിത്തേരി പൂട്ടി.
38–ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കംചെയ്തനിലയിൽ ഒരു മൃതദേഹവും പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു വസ്തുവും കണ്ടത്. ക്രിസ്തീയ ആചാരപ്രകാരം, പായയിൽ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കാറില്ല. കല്ലറയിൽ അടക്കംചെയ്തവരുടെ പട്ടിക പരിശോധിച്ചപ്പോൾ, പായയിൽ കണ്ട മൃതദേഹം സംബന്ധിച്ച വിവരം ലഭിച്ചില്ല.
കുടുംബക്കല്ലറയില്ലാത്ത ഇൗ പള്ളിയിൽ 2019നുശേഷം സെമിത്തേരി നവീകരിച്ചിരുന്നു. അതിനുശേഷം കല്ലറകളുടെ നമ്പറുകളിൽ മാറ്റംവന്നു.
വാണിയപ്പാറയിൽവെച്ച് കാണാതായെന്ന് സംശയിക്കുന്ന കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറയിയുടെ ബന്ധുക്കൾ വിഷയത്തിൽ സംശയം ഉന്നയിച്ചിട്ടുണ്ട്.










0 comments