സ്‌കൂളിലെ വെടിവയ്പ്; പ്രതി ഉപയോഗിച്ച ഗെയിമിങ് ആപ്പ് താൽക്കാലികമായി നിരോധിച്ച് ഫിലിപ്പീൻസ്

മനില : മധ്യ ഫിലിപ്പീൻസിലെ ഹൈസ്കൂളിൽ തിങ്കളാഴ്ച നടന്ന വെടിവയ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടിയുമായി അധികൃതർ. പ്രതികളിൽ ഒരാൾ ഉപയോഗിച്ച ഗെയിമിങ് ആപ്പ് രാജ്യത്ത് താൽക്കാലികമായി നിരോധിച്ചു. പ്രതിയിൽ അക്രമവാസന വളർത്തിയതിൽ ആപ്പിന് പങ്കുണ്ടെന്ന സംശയത്തിലാണ് വിശദ പരിശോധനകൾക്കായി ആപ് താൽക്കാലികമായി ബ്ലോക്ക് ചെയ്യുമെന്ന് അധികൃതർ അറിയിച്ചത്. തിങ്കളാഴ്ച മധ്യ ഫിലിപ്പീൻസിലെ ടക്ലോബാൻ നഗരത്തിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് വെടിവയ്പുണ്ടായത്. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള പ്രതികൾ തോക്കുമായെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾ ഗോർബോക്‌സ് എന്ന ഗെയിമിങ് ആപ് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. തുടർന്നാണ് നിരോധിക്കാൻ തീരുമാനമെടുത്തതെന്ന് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ആൻഡ് കോർഡിനേറ്റിംഗ് സെന്റർ പറഞ്ഞു. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ പ്രവർത്തനങ്ങളിൽ പ്ലാറ്റ്‌ഫോമിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ചൊവ്വാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിലായിരിക്കുമെന്നും സൈബർ ക്രൈം സെന്ററിന്റെ അണ്ടർ സെക്രട്ടറി അബോയ് പാരൈസോ പ്രസ്താവനയിൽ പറഞ്ഞു. എത്രകാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. 2023ലാണ് ഗെയിമിങ് ആപ്പ് ആരംഭിച്ചത്.
ഒരു പ്രതിക്ക് 9 എംഎം പിസ്റ്റൾ ലഭിച്ചത് അന്വേഷണം നേരിടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയായ ബന്ധുവിൽ നിന്നാണ്. മറ്റൊരു പ്രതിയുടെ കൈവശം ഒരു സുരക്ഷാ ഏജൻസിയിലെ ജീവനക്കാരനിൽ നിന്ന് ലഭിച്ച .38 കാലിബർ റിവോൾവർ ഉണ്ടായിരുന്നു. ആക്രമണത്തിൽ മരിച്ചവരും പരിക്കേറ്റവരുമെല്ലാം വിദ്യാർഥികളാണെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് 40 കാർട്രിഡ്ജുകൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ, അന്വേഷണത്തിന് ശേഷം പ്രതികളെ സർക്കാർ ക്ഷേമ ഉദ്യോഗസ്ഥർക്ക് കൈമാറും.










0 comments