കോട്ടയം മെഡിക്കൽ കോളേജിൽ അനാസ്ഥ: മരുന്ന് മാറി നൽകി; അമ്മയും കുഞ്ഞും ചികിത്സയിൽ

വൈക്കം: പ്രസവശേഷം മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കി. ചെമ്മനത്തുകര കൊച്ചുകാട്ടിത്തറ സനീഷിന്റെ ഭാര്യ ഷൈനിമോളും കുഞ്ഞുമാണ് അധികൃതരുടെ അനാസ്ഥയ്‌ക്ക് ഇരയായത്. ഷൈനിമോളെ മെയ് പകുതിയോടെയാണ് പ്രസവത്തിനായി ആശുപത്രിയിലാക്കിയത്.
പ്രസവശേഷം മെയ് 22ന് തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോൾ ഡോക്ടർ നൽകിയ കുറിപ്പടിയിൽ ആശുപത്രി ഫാർമസിയിൽനിന്ന് മരുന്നുകൾ വാങ്ങി. അയൺ ഗുളികക്ക് പകരം പ്രമേഹത്തിന്റെ ഗുളികയാണ് ഫാർമസിയിൽനിന്ന് നൽകിയത്. വീട്ടിലെത്തിയ ഷൈനിമോൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും ആദ്യം അത് ഗൗരവമായി കണ്ടില്ല. പിന്നീട് വഷളായതോടെ ഡോക്ടർമാരെ കണ്ടു. ആദ്യഘട്ടത്തിൽ ഡോക്ടർമാർക്ക് കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ജൂൺ 16ന് ആലപ്പുഴയിലെ ഒരു ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ മരുന്ന് പരിശോധിക്കാൻ നിർദേശിച്ചു.
ഇതോടെയാണ് ഗുളിക മാറിയ വിവിരം തിരിച്ചറിഞ്ഞത്. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് വീണ്ടും അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. തുടർന്ന് കുടുംബം അധികൃതരോട് ഫാർമസിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും ഗൗരവമായി പരിശോധിച്ചില്ല. ഇതോടെ കുടുംബം സൂപ്രണ്ടിനും ഗാന്ധിനഗർ പൊലീസിലും പരാതി നൽകി.










0 comments