ad
Deshabhimani

മുത്തശ്ശിക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയ 16 കാരന്റെ കരണത്തടിച്ച് എസ്ഐ; മർദനത്തിന് ശേഷം ഭീഷണിയും

Kerala Police

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 23, 2026, 09:30 PM | 1 min read

വൈപ്പിൻ: മുത്തശ്ശിക്കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയ 16 കാരന്റെ കരണത്തടിച്ച് എസ്ഐ. സ്വർണമാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഞാറക്കൽ പൊലീസിൽ നൽകിയ പരാതി അന്വേഷിച്ച എസ്ഐ അരുൺ ആണ് അശ്വിൻ റോബിനെ(16) മർദിച്ചത്. തിങ്കളാഴ്‌ച രാവിലെ വെളിയത്താംപറമ്പ് ബസ്‌ സ്‌റ്റോപ്പിൽ ഒരു സ്‌ത്രീയുടെ സ്വർണമാല നഷ്ടപ്പെട്ടിരുന്നു. ഇ‍ൗ മാല നായരമ്പലം കോളരിക്കൽ വീട്ടിൽ മിനിക്ക്‌(60) കിട്ടിയെന്നും അത്‌ വാങ്ങിത്തരണമെന്നുമാവശ്യപ്പെട്ട്‌ മാല നഷ്ടപ്പെട്ട സ്‌ത്രീ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ മിനിയെ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചു. ഒപ്പം കൊച്ചുമകൻ അശ്വിനും ഉണ്ടായിരുന്നു.


മിനിയെ ചോദ്യം ചെയ്യുന്നതിനിടയിൽ തന്റെ മുത്തശ്ശിക്ക് ചെവി നന്നായി കേൾക്കില്ലെന്നും ഉറക്കെ ചോദിക്കണമെന്നും അശ്വിൻ പറഞ്ഞതാണ് എസ്ഐ യെ ചൊടിപ്പിച്ചത്. പിന്നാലെ നിന്നോട് ചോദിച്ചോടാ എന്ന് ആക്രോശിച്ചുകൊണ്ട് എസ്ഐ അരുൺ കുട്ടിയുടെ കരണത്തടിക്കുകയായിരുന്നു. മുഖത്ത്‌ നീരുവന്ന അശ്വിനെ ഞാറക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അശ്വിന്റെ അച്ഛൻ അറക്കൽ റോബിൻ ആഭ്യന്തരമന്ത്രി, ഡിജിപി, എസ്‌പി എന്നിവർക്ക്‌ പരാതി നൽകി. ലക്ഷ്‌മി ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു മിനി. തനിക്ക് രപെൻഷൻ വന്നിട്ടുണ്ടോ എന്നറിയുന്നതിനായി വെളിയത്താംപറമ്പ് എസ്‌ബിഐയിൽ പോയി തിരികെ വരുമ്പോൾ മിനിയുടെ കയ്യിലുണ്ടായിരുന്ന പണം താഴെ വീണു.


അതെടുക്കുന്നത്‌ കണ്ട ഓട്ടോഡ്രൈവർമാരാണ്‌ സ്വർണമാല മിനിക്ക്‌ കിട്ടിയിട്ടുണ്ടെന്ന്‌ പൊലീസിന്‌ മൊഴി നൽകിയത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനിയെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. പൊലീസ്‌ മർദിച്ചശേഷം ഭീഷണിപ്പെടുത്തിയതായും അശ്വിൻ ആരോപിച്ചു. അതേസമയം, ആരെയും മർദിച്ചിട്ടില്ലെന്നാണ്‌ പൊലീസ് വാദം. മോഷണക്കേസ്‌ എന്ന പേരിൽ വയോധികയെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും കൊച്ചുമകനെ കരണത്തടിച്ച്‌ പരിക്കേൽപ്പിക്കുകയും ചെയ്‌ത പൊലീസ്‌ നടപടിയിൽ വ്യാപകപ്രതിഷേധമുയർന്നിട്ടുണ്ട്‌. മാലയുടെ കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും ബാങ്കിലേക്കു പോകുന്ന വഴി കയ്യിലിരുന്ന 50 രൂപ നോട്ട് താഴെപ്പോയത് എടുക്കുകയാണ് ചെയ്തതെന്നും മിനി പറയുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home