ad
Deshabhimani

ദുരിതാശ്വാസനിധി വകമാറ്റിയെന്നത് വസ്തുതാ വിരുദ്ധം; വിശ്വാസ്യത തകർക്കാനുള്ള ശ്രമം: പിണറായി വിജയൻ

pinarayi vijayan

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jun 23, 2026, 10:12 PM | 2 min read

തിരുവനന്തപുരം: ദുരിതാശ്വാസനിധി വകമാറ്റിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്നും സിഎംഡിആർഎഫിന്റെ വിശ്വാസ്യത തകർക്കാനും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അരുത്തത് സംഭവിച്ചുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിൻറെ കാലത്ത് സിഎംഡിആർഎഫിൽ നിന്നും 262 കോടി രൂപ വകമാറ്റി എന്ന് സി & എജി കണ്ടെത്തിയതായുള്ള വാർത്ത പ്രചരിക്കുന്നതിൽ പ്രതികരിക്കുകയായിരുന്നു അദേഹം. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സി & എജി ഓഡിറ്റ് റിപ്പോർട്ടാണ് ഈ വാർത്തയ്ക്ക് ആധാരം. റിപ്പോർട്ടിലെ നിഗമനങ്ങളിൽ, സ്റ്റേറ്റ് ട്രഷറി സേവിംഗ്സ് ബാങ്കിൽ നിന്നുള്ള തുകകൾ സംസ്ഥാനത്തിൻറെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരാമർശിക്കുന്ന ഭാഗത്താണ് സിഎംഡിആർഎഫിൽ നിന്നുള്ള പണം പിൻവലിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.


എന്നാൽ, റിപ്പോർട്ടിലെ 139-ാം പേജിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. "2024-25 വർഷത്തിൽ അഞ്ച് എസ്ടിഎസ്ബി അക്കൗണ്ടുകളിൽ കിടന്നിരുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി (സിഎംഡിആർഎഫ്) ബന്ധപ്പെട്ട 262.06 കോടിയുടെ പൊതു സംഭാവനകൾ. സംസ്ഥാനത്തിൻറെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തു. എസ്ടിഎസ്ബി അക്കൗണ്ടുകളിൽ കിടന്നിരുന്ന ഇത്തരത്തിലുള്ള സർക്കാരിതര ഫണ്ടുകൾ സംസ്ഥാനത്തിൻറെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തത് ക്രമരഹിതമാണ്."


ഇതേ ഭാഗത്ത് ഓഡിറ്റ് റിപ്പോർട്ടിൽ "എസ്ടിഎസ്ബി അക്കൗണ്ടുകളിൽ സാമ്പത്തിക വർഷാവസാനം വിനിയോഗിക്കാതെ കിടക്കുന്ന തുക പൊതു കണക്കിൻറെ വലുപ്പം കുറയ്ക്കാൻ വേണ്ടി എല്ലാ വർഷവും തിരിച്ചെടുക്കാറുണ്ടെന്ന് സർക്കാർ മറുപടി നൽകി (2026 ജനുവരി). തിരിച്ചെടുത്ത സി.എം.ഡി.ആർ.എഫ് ഫണ്ടുകൾ അതാത് എസ്ടിഎസ്ബി അക്കൗണ്ടുകളിൽ അടുത്ത സാമ്പത്തിക വർഷത്തിൻറെ പ്രഥമവാരത്തിൽ തന്നെ റീഅലോക്കേറ്റ് ചെയ്തുകൊടുത്തു."


എന്നാൽ, റിപ്പോർട്ടിൻറെ ഈ ഭാഗത്ത് തിരിച്ചെടുത്ത ഫണ്ടുകൾ അടുത്ത സാമ്പത്തിക വർഷത്തിൻറെ പ്രഥമ വാരത്തിൽ തന്നെ റീഅലോക്കേറ്റ് ചെയ്തത് ഓഡിറ്റ് ടീം കണ്ടെത്തിയിട്ടുള്ളതായി പരാമർശിച്ചിട്ടുണ്ട്. ഇതിൽ നിന്നും വസ്തുതകൾ കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ഓരോ സാമ്പത്തിക വർഷാവസാനവും മാർച്ച് 31-ന് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗ്രാൻറ്-ഇൻ-എയ്ഡ് സ്ഥാപനങ്ങൾ തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടുകളിൽ ചെലവാക്കാതെ കിടക്കുന്ന തുക സംസ്ഥാനത്തിൻറെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുന്ന ഒരു പ്രക്രിയ നിലവിലുണ്ട്. സംസ്ഥാന സർക്കാർ സ്വീകരിച്ചുപോരുന്ന തികച്ചും സുതാര്യമായ ഒരു ക്രമീകരണമാണ് ഇത്. എന്നാൽ, പ്രസ്തുത തുക പുതിയ സാമ്പത്തിക വർഷാരംഭത്തിൽ കാലതാമസമില്ലാതെ പഴയപടി ട്രഷറി അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യുകയാണ് പതിവ്.


സർക്കാരിൻറെ വകുപ്പുകളിലെയോ സ്ഥാപനങ്ങളിലെയോ ചെലവഴിക്കാതെ കിടക്കുന്ന പണം സാമ്പത്തിക വർഷാവസാനം കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുകയും തിരിച്ചുനൽകുകയും ചെയ്യുന്നതിൽ ഒരു ദുരൂഹതയും നിലവിലില്ല. ഇങ്ങനെ മാറ്റം ചെയ്യുമ്പോൾ ഒരു പൈസ പോലും നഷ്ടപ്പെടുന്നുമില്ല. ദുരിതാശ്വാസ നിധിയിലെ പണം പൂർണ്ണമായും സുരക്ഷിതമാണ്. അത് മറ്റേതെങ്കിലും ആവശ്യത്തിനായി വകമാറ്റുകയോ വിനിയോഗിക്കപ്പെടുകയോ ചെയ്യുന്നതുമില്ല. ട്രഷറി അക്കൗണ്ടിൽ തന്നെ ആ പണം സൂക്ഷിച്ചിട്ടുണ്ട്.


ഉന്നത ഉദ്യോഗസ്ഥർ തൃപ്തികരമായ വിശദീകരണം നൽകിയിട്ടും നിർഭാഗ്യവശാൽ അക്കൗണ്ടൻറ് ജനറൽ ഈ വസ്തുതകളെ ശരിയായി ഉൾക്കൊള്ളാൻ തയ്യാറാവുന്നില്ല. സി & എ.ജി റിപ്പോർട്ടിൽ ടി.എസ്.ബി അക്കൗണ്ടിൽ നിന്ന് കൺസോളിഡേറ്റഡ് ഫണ്ടിലേക്കും തിരിച്ചും ചെലവഴിക്കാതെ കിടന്ന പണം മാറ്റിയത് ക്രമരഹിതമാണ് എന്ന് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരുവിധ സാമ്പത്തിക ദുരുപയോഗവും നഷ്ടവും ആരോപിച്ചിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. സി എജി റിപ്പോർട്ടിനെ മറയാക്കി രാഷ്ട്രീയപ്രേരിതമായി ബോധപൂർവ്വമായ ശ്രമം നടക്കുകയാണെന്നും യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയണമെന്നും അദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home