print edition ഇറാൻ ചർച്ച യുഎസ് കർഷകരുടെ വിജയമെന്ന് ട്രംപ്

image: AFP
വാഷിങ്‌ടൺ/തെഹ്‌റാൻ: ഇറാൻ അമേരിക്കയിൽനിന്ന് ചോളം, സോയാബീൻ, ഗോതമ്പ് എന്നിവ വാങ്ങണമെന്ന നിബന്ധനയോടെയാകും മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകുകയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനക്കരാർ യുഎസ് കർഷകരുടെ വലിയ വിജയമായാണെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ വിശേഷിപ്പിച്ചു. ആണവനിലയങ്ങളിൽ അന്താരാഷ്ട്ര പരിശോധനയ്ക്ക് ഇറാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഹോർമുസ് കടലിടുക്കിൽ ഇനി യുഎസ് നാവിക ഉപരോധം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. അമേരിക്കയിൽനിന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങണമെന്ന് നിർബന്ധമില്ലെന്ന് ഇറാന്റെ സെൻട്രൽ ബാങ്ക് ഗവർണർ വ്യക്തമാക്കി. ആണവനിലയങ്ങൾ സന്ദർശിക്കാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി പ്രതിനിധികൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്‌മയിൽ ബഘായി പറഞ്ഞു. മരവിപ്പിച്ച ഫണ്ടിൽ 12000 ഡോളർ വിട്ടുകിട്ടാൻ യുഎസുമായി ധാരണയായതായി ഇറാന്റെ മധ്യസ്ഥ സംഘത്തെ നയിക്കുന്ന സ്‌പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പറഞ്ഞു.
ചരക്കുനീക്കം സുഗമമാക്കുന്നതിനും തർക്കങ്ങൾ ഒഴിവാക്കുന്നതിനുമായി യുഎസും ഇറാനും തമ്മിൽ ഹോർമുസ് കടലിടുക്കിൽ ഹോട്ട്‌ലൈൻ ആശയവിനിമയ സംവിധാനം സ്ഥാപിക്കാൻ സ്വിറ്റ്‌സർലൻഡ് ചർച്ചയിൽ ധാരണയായി. കപ്പലുകളുടെ ഗതാഗത നിയന്ത്രണം പൂർണമായും തങ്ങളുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനിടെ തെക്കൻ ലെബനനിലെ നബാതിയ അൽ-ഫൗഖ നഗരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ നിലവിലെ സമാധാനത്തെ ഇല്ലാതാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലേക്ക് 11 കപ്പൽ ഹോർമുസ് കടന്നു
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവന്ന ശേഷം ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു. പത്ത് കപ്പലുകൾ ഹോർമുസിൽ തുടരുന്നുണ്ട്. മൂന്ന് കപ്പലുകളിൽ മാത്രം 2.85 ലക്ഷം ടൺ വീതം ക്രൂഡോയിലുണ്ട്. ആറ് കപ്പലുകളിൽ രാസവളവുമുണ്ട്.









0 comments