തൃശൂരിൽ പൊലീസ് ജീപ്പ് ഇടിച്ച് ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

ജൂവിൻ രാജു, അപകടം നടന്നതിന്‍റെ സിസിടിവി ദൃശ്യം (Photo: Screengrab)
തൃശൂർ: ആളൂരിൽ പൊലീസ് ജീപ്പ് ഇടിച്ച് ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. ആളൂർ ആനത്തടം സ്വദേശി പീണിക്കപറമ്പിൽ ജൂവിൻ രാജു (16) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 15-ന് രാവിലെ 11.30-ഓടെ പോട്ട-മൂന്നുപീടിക സംസ്ഥാനപാതയിൽ ആളൂർ കദളിച്ചിറയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവാഹനങ്ങളും കദളിച്ചിറയിൽ വെച്ച് വലതുവശത്തേക്ക് തിരിയുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നിൽ തൃശൂർ റൂറൽ എസിപിയുടെ ഡാൻസാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഹെൽമെറ്റ് നിർബന്ധമില്ലാത്ത വിഭാഗത്തിൽപ്പെട്ട ഇലക്ട്രിക് സ്‌കൂട്ടറിലായിരുന്നു വിദ്യാർഥികളുടെ യാത്ര. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ജൂവിനൊപ്പം സഞ്ചരിച്ചിരുന്ന തയ്യിൽ അനന്തകൃഷ്ണൻ (18) എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.









0 comments